CrimeNEWS

എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകം; യുവതിയെ കൊണ്ടുപോയത് ജോലിസ്ഥലത്തുനിന്ന്, പീഡനപരാതി ഒത്തുതീര്‍ക്കാന്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവം നടന്ന ലോഡ്ജിലും യുവതിയുടെ ജോലിസ്ഥലത്തും എത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെ 10.52-ഓടെയാണ് പ്രതി തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫിനെ നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ചത്.

കൊലപാതകം നടന്ന ഒന്നാംനിലയിലെ മുറിയില്‍ 40 മിനിറ്റോളം പോലീസ് പ്രതിയുമായി ചെലവഴിച്ചു. ഫസീലയെ കൊലപ്പെടുത്തിയ രീതിയും കൊലപ്പെടുത്താനുണ്ടായ സാഹചര്യവും പ്രതി പോലീസിനോട്വിശദീകരിച്ചു.

Signature-ad

യുവതി ജോലിചെയ്തിരുന്ന കുന്ദമംഗലത്തെ തുണിക്കടയിലും പോലീസ് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്നാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊലപാതകശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സിമ്മെടുത്ത ബെംഗളൂരുവിലെ കടയില്‍ അടുത്തദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ 30-ന് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ചയാണ് കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

സനൂഫിന്റെ പേരില്‍ ഫസീല നല്‍കിയ പീഡനപരാതി ഒത്തുതീര്‍ക്കാനായാണ് നവംബര്‍ 24-ന് രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. 25-ന് പീഡനപരാതിയുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യുവതിയെ പ്രതി കിടക്കയിലേക്ക് കിടത്തി കഴുത്തിന് ബലമായിപ്പിടിച്ചതോടെ ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു. അന്നുതന്നെ പ്രതി സ്ഥലംവിട്ടു.

26-ന് രാവിലെ ലോഡ്ജിലുള്ളവരാണ് ഫസീലയുടെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കാറുപേക്ഷിച്ചശേഷം ബെംഗളൂരുവിലേക്കും പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ചെന്നൈയിലേക്കും കടന്ന സനൂഫിനെ 29-ന് ചെന്നൈ ആവടിയിലെ ലോഡ്ജില്‍വെച്ചാണ് പോലീസ് പിടികൂടിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൂന്നുസംഘങ്ങളായിത്തിരിഞ്ഞ് നടത്തിയ ആസൂത്രിത അന്വേഷണത്തിലൂടെയാണ് പോലീസ് സനൂഫിനെ കീഴടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: