KeralaNEWS

യാത്രക്കാര്‍ 11, 14 വര്‍ഷം പഴക്കമുള്ള വണ്ടി; ഓവര്‍ലോഡും വാഹനത്തിന്റെ പഴക്കവും കളര്‍കോട് അപകടത്തിന്റെ വ്യാപ്തി കൂട്ടി

ആലപ്പുഴ: ദേശീയപാതയില്‍ ചങ്ങനാശ്ശേരിക്ക് സമീപം കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍.ടി.ഒ. എ.കെ. ദിലു. കാറിലെ ഓവര്‍ ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി. 11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഇതിന് പുറമെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നുവെന്നും അതുണ്ടായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത കുറക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്ന് അന്വേഷിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. അമിതവേഗതയുടെ സൂചനയൊന്നും കിട്ടിയിട്ടില്ല. ഇടിച്ച് തെറിച്ച് പോയിരുന്നെങ്കിലോ അല്ലെങ്കില്‍ തെന്നിമാറിപ്പോയിരുന്നെങ്കിലോ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു. പക്ഷെ, നേരെ ഇടിച്ച് കയറിപ്പോയതോടെ അതിനുള്ള സാധ്യത കുറഞ്ഞു.

Signature-ad

എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് മൊഴി. ഇത് പരിശോധിക്കും. പ്രത്യേകിച്ച് ഒന്നും തടസ്സമായി നിന്നതായി കാണുന്നില്ല. മാത്രമല്ല അമിത വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണത്. മഴ പെയ്തതുകൊണ്ട് റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍.ടി.ഒ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച രാത്രി ഒന്‍പതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം നടന്നത്. മെഡിക്കല്‍ കോളേജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയില്‍ സിനിമ കാണാന്‍ പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. വൈറ്റിലയില്‍നിന്ന് കായംകുളത്തേക്കു പോയ ബസ്സിലേക്ക് കാര്‍ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് രണ്ടുപേര്‍ മരിച്ചത്. ബസ്സിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കു പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: