തൃശൂര്‍: കാണാതായി രണ്ടു ദിവസത്തിനുശേഷം വീടിനുസമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പേരക്കുട്ടി അറസ്റ്റില്‍. പുത്തന്‍പീടിക പുളിപ്പറമ്പില്‍ യദുകൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തന്‍പീടിക ചുമ്മാര്‍ റോഡ് പുളിപ്പറമ്പില്‍ ഓമന(71)യെ വീട്ടില്‍നിന്ന് കാണാതായത്. രണ്ടു ദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രണ്ടു ദിവസത്തിനു ശേഷം പെരിങ്ങോട്ടുകര സ്‌കൂളിനു പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടില്‍ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തി.
എന്നാല്‍, മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി. നവനീത് ശര്‍മ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണന്‍ ഓമനയുടെ നഷ്ടപ്പെട്ട വളകള്‍ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചു.
കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തു. മരണത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ അലമാരയിലെ പഴ്‌സില്‍ക്കണ്ട രണ്ടു സ്വര്‍ണവളകള്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നുവെന്നും സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാന്‍ പണയം വയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. യദുകൃഷ്ണന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.