KeralaNEWS

വയനാട്ടില്‍ ഇടതുമുന്നണിക്ക് കനത്ത വോട്ടു ചോര്‍ച്ച; 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി

കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വന്‍ വോട്ടുചോര്‍ച്ച. വയനാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലെ 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി മുന്നണി മുന്നിലെത്തി. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് എന്‍ഡിഎ ഇടതുമുന്നണിയെ പിന്തള്ളിയത്.

മന്ത്രി ഒ ആര്‍ കേളുവിന്റെ സ്വന്തം പഞ്ചായത്തായ തിരുനെല്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 241 വോട്ടിന്റെ ലീഡ് നേടി. ജില്ലയിലെ മുനിസിപ്പാലിറ്റിയിലോ 23 പഞ്ചായത്തുകളിലോ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായില്ല. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 14,315 വോട്ടുകളുടെ ലീഡ് നേടി. ബിജെപിയുടെ നവ്യ ഹരിദാസ് 4,217 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി.

Signature-ad

മണ്ഡലത്തിലെ 104-ാം ബൂത്തില്‍ എല്‍ഡിഎഫ് നേടിയ 81 വോട്ടിനെ മറികടന്ന് എന്‍ഡിഎ 135 വോട്ടിന്റെ ലീഡ് നേടി. പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ ശേഷിച്ച ഇവിടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പൂതാടിയില്‍ 10,116 വോട്ടുകള്‍ക്ക് യുഡിഎഫ് ആധിപത്യം നേടിയപ്പോള്‍ എന്‍ഡിഎയും ശക്തമായ സാന്നിധ്യം അറിയിച്ചു. എല്‍ഡിഎഫ് 3,810 വോട്ടുകള്‍ മാത്രം നേടിയപ്പോള്‍, ഇടതുമുന്നണിയേക്കാള്‍296 വോട്ട് അധികമായി, 4106 വോട്ടുകളാണ് എന്‍ഡിഎയുടെ നവ്യ ഹരിദാസ് കരസ്ഥമാക്കിയത്.

പുല്‍പ്പള്ളിയിലും സമാനമായ രീതിയായിരുന്നു. യുഡിഎഫ് 9,542 വോട്ടിന് മുന്നിലെത്തിയപ്പോള്‍, എന്‍ഡിഎ 3,118 വോട്ടു നേടി. ഇടതുമുന്നണിക്ക് 2,921 വോട്ടുമാത്രമാണ് ലഭിച്ചത്. മന്ത്രി ഒ ആര്‍ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയില്‍ 39 ബൂത്തുകളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കല്‍പ്പറ്റയില്‍ 35 ബൂത്തുകളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. മണ്ഡലത്തിലെ വലിയ വോട്ടു ചോര്‍ച്ച ഇടതുമുന്നണിക്കുള്ളിലും അസ്വാരസ്യങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇടതുമുന്നണി പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടിരുന്നു.

Back to top button
error: