IndiaNEWS

പള്ളിയിലെ സര്‍വേയ്ക്ക് പിന്നാലെ കലാപം; സ്‌കൂളുകള്‍ അടച്ചുപൂട്ടി, ഇന്റര്‍നെറ്റിന് വിലക്ക്, സംഭാലില്‍ കര്‍ശന നിയന്ത്രണങ്ങള്‍

ലക്നൗ: മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഭാല്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. സോഡ കുപ്പികള്‍, തീപിടിക്കുന്ന അല്ലെങ്കില്‍ സ്ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതും കൈവശം വയ്ക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. നവംബര്‍ 30 വരെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

Signature-ad

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പൊലീസുകാര്‍ അടക്കം ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭാല്‍ ജില്ലയിലെ ചന്ദൗസി പട്ടണത്തില്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1526ല്‍ നിര്‍മ്മിച്ച ഷാഹി ജുമാ മസ്ജിദ്, ശ്രീ ഹരിഹര്‍ ക്ഷേത്രം പൊളിച്ചാണ് നിര്‍മിച്ചതെന്ന് ഒരു വിഭാഗം അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഒരു ക്ഷേത്രത്തിലെ പൂജാരി ഉള്‍പ്പെടെ എട്ട് പേര്‍ സംഭാല്‍ സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ജഡ്ജി ആദിത്യ സിങ് സര്‍വേയ്ക്ക് ഈ മാസം 19നാണ് ഉത്തരവിട്ടത്. അന്നു തന്നെ തിടുക്കത്തില്‍ ആദ്യസര്‍വേ നടന്നത് ഒരു വിഭാഗത്തില്‍ അമര്‍ഷം സൃഷ്ടിച്ചിരുന്നു. സര്‍വേ വിഡിയോയില്‍ പകര്‍ത്താനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കോടതി നിയോഗിച്ച രമേഷ് രാഘവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അഭിഭാഷക കമ്മിഷന്‍ രണ്ടാമത്തെ സര്‍വ്വേയ്ക്ക് എത്തിയത്. സംഭാല്‍ ജില്ലാകളക്ടര്‍ ഡോ. രാജേന്ദ്ര പെന്‍സിയയുടെയും പൊലീസ് മേധാവിയുടെയും സാന്നിദ്ധ്യത്തിലാണ് സര്‍വേ നടന്നത്.

സര്‍വേ തുടങ്ങിയതോടെ ജനക്കൂട്ടം പൊലീസിനെ കല്ലെറിഞ്ഞു. പൊലീസിന്റേതുള്‍പ്പെടെ പത്തിലേറെ വാഹനങ്ങള്‍ കത്തിച്ചു. കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുയും ചെയ്തു. സര്‍വേ പൂര്‍ത്തിയാക്കി സംഘം പുറത്തിറങ്ങിയപ്പോഴും അക്രമം തുടര്‍ന്നു. മൂന്ന് ദിശയില്‍ നിന്നെത്തിയ ജനക്കൂട്ടം കല്ലെറിയുകയും വെടിവയ്ക്കുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: