തൃശൂര്‍: അയല്‍ക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ വ്ളോഗര്‍ പിടിയില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് അറസ്റ്റിലായത്. വീട്ടമ്മ നല്കിയ പരാതിയെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമം നടത്തി.
അഞ്ച് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന അയല്‍ക്കാരിയായ യുവതിയെ പ്രതി ബലംപ്രയോഗിച്ച് മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവരം അറിഞ്ഞ ബിനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാലക്കുടി മജിസ്ട്രേറ്റ് അവധിയില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. ഇതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. 2022ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും 2017ല്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ബിനീഷിനെതിരെ കേസെടുത്തിട്ടുണ്ട്.