NEWSWorld

ഫലം വന്ന് കഴിഞ്ഞും വോട്ടെണ്ണിത്തീരാതെ അമേരിക്ക; ഇന്ത്യയെ കണ്ടുപഠിക്കെന്ന് മസ്‌ക്

വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലവില്‍ 19 ദിവസങ്ങളായി, ഫലം വന്ന് 11 ദിവസവും. ഡൊണാള്‍ഡ് ട്രംപ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ജനുവരിയില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്യും. എന്നാല്‍ ഫലം വന്ന് ഇത്രയും ദിവസമായിട്ടും യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.

വോട്ടെണ്ണല്‍ വൈകുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകസമ്പന്നനും യുഎസ് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് തലവനുമായ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ താരതമ്യം ചെയ്താണ് മസ്‌ക് വിമര്‍ശനമുയര്‍ത്തിയത്. രാജ്യത്തുടനീളമുള്ള 640 ദശലക്ഷം വോട്ടുകള്‍ എണ്ണാന്‍ ഇന്ത്യ എടുത്തത് ഒരു ദിവസമാണെന്നും കാലിഫോര്‍ണിയ ഇപ്പോഴും വോട്ടെണ്ണുകയാണെന്നും പറഞ്ഞാണ് മസ്‌ക് തന്റെ എക്സിലൂടെ പ്രതികരിച്ചത്. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പോസ്റ്റ് റീറ്റ്വീറ്റ് ചെയ്താണ് മസ്‌കിന്റെ പ്രതികരണം.

Signature-ad

കാലിഫോര്‍ണിയയില്‍ നിലവില്‍ 98 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളു. ഇതുവരെയും സംസ്ഥാനം ഔദ്യോഗികമായി ആര് ജയിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ല. 58.6 ശതമാനം വോട്ടുകളാണ് സംസ്ഥാനത്തില്‍ കമല ഹാരിസ് നേടിയിരിക്കുന്നത്, 38.2 വോട്ടുകളാണ് ട്രംപിന് ഇതുവരെ നേടാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന എട്ട് ലക്ഷം വോട്ടുകള്‍ എണ്ണിയാലും കമലയ്ക്ക് തന്നെയായിരിക്കും സംസ്ഥാനത്തില്‍ ഭൂരിപക്ഷം. എന്നാല്‍, ഫലം പ്രഖ്യാപിച്ചാലെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനാവു.

കാലിഫോര്‍ണിയയാണ് യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം. 39 ദശലക്ഷമാണ് ജനസംഖ്യ. നവംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ 16 ദശലക്ഷം പേരാണ് സംസ്ഥാനത്ത് വോട്ടുചെയ്തത്. സംസ്ഥാനത്ത് താപാല്‍ വഴിയാണ് വോട്ടുകളധികവും രേഖപ്പെടുത്താറുള്ളത്. ഈ തപാലുകള്‍ ഓരോന്നായി പരിശോധിച്ചാണ് വോട്ട് സ്ഥിരീകരിക്കുക. ഇതാണ് ഫലപ്രഖ്യാപനം വൈകാനുള്ള പ്രധാന കാരണം.

ഡിസംബര്‍ ഒന്ന് വരെയാണ് വോട്ടര്‍മാര്‍ വരുത്തിയ തെറ്റുകള്‍ തിരുത്താനും കാലിഫോര്‍ണിയയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. പലരും വോട്ടിങ് പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്താത്തതും ഒപ്പ് രേഖപ്പെടുത്തേണ്ടയിടത്ത് ഒപ്പിടാത്തതും വോട്ട് അംഗീകരിക്കുന്നതിന് അനുയോജ്യമായ കവറുകള്‍ ഉപയോഗിക്കാത്തതുമാണ് വലിയൊരു ശതമാനം പിഴവുകളും.

 

Back to top button
error: