KeralaNEWS

തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ വിജിലന്‍സ് പിടിയില്‍; കേന്ദ്ര സര്‍വീസിലെ 20 പേര്‍ സംസ്ഥാന വിജിലന്‍സിന്റെ റഡാറില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത്ത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പൊതുമേഖലാ സ്ഥാപനത്തില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കൈക്കൂലി ഇടപാട് നടത്തിയത്.

കാക്കനാട് കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ സംസ്ഥാന വിജിലന്‍സ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് അജിത്ത് കുമാര്‍ പിടിയിലായത്. ബി.പി.സി.എല്‍ കമ്പനിയില്‍ താത്ക്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരാളില്‍ നിന്ന് ആയിരം രൂപ വെച്ച് ഇരുപത് പേരില്‍ നിന്നാണ് കൈക്കൂലി ചോദിച്ചത്.

Signature-ad

ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഇരുപതിനായിരും രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം പരാടതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കോടതിയില്‍ ഹാജരാക്കും.

ബി.പി.സി.എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ താത്ക്കാലിക തൊഴിലിനായി എത്തുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു എന്നാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് വിജിലന്‍സ് ഇടപെടല്‍. സാധാരണ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയില്‍ സംസ്ഥാന വിജിലന്‍സ് ഇടപെടാറില്ല. ഇവിടെ വിജിലന്‍സ് അസാധാരണ നീക്കം നടത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കെതിരേയും വിജിലന്‍സ് കുരിശു യുദ്ധം തുടങ്ങുമെന്നാണ് സൂചന.

അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്നാണ് വസ്തുത. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്കാരായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രംഗത്ത് വരുന്നത്. സി.ബി.ഐയ്ക്കു പരാതി നല്‍കിയിട്ടും ഈ ഉദ്യോഗസ്ഥനതിരെ നടപടി എടുത്തിരുന്നില്ല. ഭാരത് പെട്രോള്‍ കോര്‍പ്പറേഷന്‍ ലിലിറ്റഡില്‍ താല്‍ക്കാലിക ജോലിക്ക് എന്‍.ഒ.സി നല്‍കാനുള്ള അധികാരം അസി. ലേബര്‍ കമ്മിഷണര്‍ അജിത്തിനായിരുന്നു. ഈ അധികാരം ഉപയോഗിച്ച് ആള്‍ക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇദ്ദേഹം പിടിയിലായത്.

കേന്ദ്ര സര്‍വ്വീസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, കസ്റ്റംസ്, സി.ബി.ഐ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കുറിച്ചുള്ള രഹസ്യന്വേക്ഷണം വിജിലന്‍സ് തുടങ്ങി. 20 പേര്‍ നിരീക്ഷണത്തിലാണ്. അഴിമതി നിരോധന നിയമം (പി.സി ആക്ട് സെക്ഷന്‍ എ 175) പ്രകാരമാണ് അറസ്റ്റ് നടപടികള്‍ തുടങ്ങുക. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തലയോലപറമ്പ് ഗ്രാമീണ്‍ ബാങ്കില്‍ നടന്ന അഴിമതിക്കെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനെതിരേ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ വിജിലന്‍സിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി വിധിച്ചു.

അതിനെ ചുവട് പിടിച്ച് പുതിയ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, കേന്ദ്ര സര്‍വീസിലെ അഴിമതി വീരന്മാരെ ലക്ഷ്യമിടുകയായിരുന്നു. ഇതു സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് വിജിലന്‍സിന് അനുമതി നല്‍കുകയുമായിരുന്നു. ബി.പി.സി.എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ താത്ക്കാലിക തൊഴിലിനായി എത്തുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു എന്നാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇനി ഈ മാതൃകയില്‍ കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിജിലന്‍സ് നോട്ടമിടും. അഴിമതിക്കാരായ കേന്ദ്ര ജീവനക്കാരുടെ പട്ടിക അടക്കം തയ്യാറാക്കിയാണ് നീങ്ങുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും അദായ നികുതി വകുപ്പിലുമെല്ലാം നിരവധി അഴിമതിക്കാരുണ്ടെന്നാണ് വിജലിന്‍സന്റെ വിലയിരുത്തല്‍. ഇവരുടെ നീക്കളും വിജിലന്‍സ് നിരീക്ഷിക്കുന്നുണ്ട്. ഏത് സമയം വേണമെങ്കിലും ഈ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വരും.

എല്ലാ തരം അഴിമതികളും പിടിക്കാനും അന്വേഷിക്കാനുമുള്ള അധികാരം വിജിലന്‍സിനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിയമങ്ങളും ചട്ടങ്ങളും ഇഴകീറി പരിശോധിച്ചാണ് കേന്ദ്ര ജീവനക്കാര്‍ക്കെതിരായ മിന്നില്‍ ഇടപെടലുകള്‍ക്ക് വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കുന്നത്. പരാതിയും തെളിവും ഉള്ള എല്ലാ വിഷയത്തിലും വിജിലന്‍സ് അന്വേഷണം നടത്തും. ഇതിന്റെ തുടക്കമാണ് കൊച്ചിയിലെ അറസ്റ്റ്. കേന്ദ്ര സര്‍്ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ അപ്രതീക്ഷിത നീക്കം വെട്ടിലാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസിലെ അഴിമതിക്കെതിരായ ബോധവല്‍ക്കരണവും പരാതി വിജിലന്‍സിന് നല്‍കാമെന്ന അറിയിപ്പും പൊതു ജനത്തിന് നല്‍കാനാണ് സര്‍ക്കാരിന്റെ അടുത്ത നീക്കം.

കേന്ദ്ര സര്‍ക്കാര്‍ റെഗുലേഷന്‍ 14 (എ) യില്‍ ഉപയോഗിക്കുന്ന പദാവലി ‘പ്രധാനമാണ്’, ‘മാത്രമല്ല’ എന്നിവയെ ശരിയായ അര്‍ത്ഥത്തില്‍ വിലയിരുത്തിയാണ് നടപടി. സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി അന്വേഷിക്കുക എന്നതാണ് വിജിലന്‍സിന്റെ പ്രാഥമിക പ്രവര്‍ത്തനമെന്ന് ‘മെയിന്‍’ എന്ന വാക്ക് സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലോ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജീവനക്കാര്‍ക്കിടയിലോ നടന്ന അഴിമതി അന്വേഷിക്കുന്നതുപോലുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും വിജിലന്‍സിന് ആകാം എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാത്രമായി വിജിലന്‍സ് അധികാരപരിധി പരിമിതപ്പെടുത്തുന്നുവെന്ന് ചട്ടങ്ങള്‍ സൂചിപ്പിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

റെഗുലേഷനുകളുടെ റെഗുലേഷന്‍ 14 (എ), വിജിലന്‍സ് മാനുവലിന്റെ ഖണ്ഡിക 35 (രണ്ട്) എന്നിവ സൗകര്യത്തിനായി മാത്രമാണ് ചേര്‍ത്തത്. അത് വിജിലന്‍സിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. പരാതിയെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ കഴിയാത്തപ്പോള്‍ അത് സി. ബി.ഐയെ ഏല്‍പ്പിക്കാം. തുടക്കത്തില്‍ എല്ലാ അഴിമതി കേസും പരിശോധിക്കാനും അന്വേഷിക്കാനും വിജിലന്‍സിന് കഴിയുമെന്നാണ് വിലയിരുത്തല്‍. കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും അനുമതി നല്‍കുന്ന ക്രിമിനല്‍ നിയമ ശാസ്ത്രത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളും പരിശോധിച്ചാണ് കേന്ദ്ര ജീവനക്കാര്‍ക്കെതിരെ നീങ്ങാന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: