KeralaNEWS

ഗ്രാമീണ റോഡുകള്‍ തകര്‍ന്നുകിടക്കില്ല; ഒരുമാസത്തിനുള്ളില്‍ ഭരണാനുമതി, തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ സുപ്രധാന നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 20 നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണമെന്ന് അദേഹം പറഞ്ഞു. പൊതുമാനദണ്ഡം അനുസരിച്ച് എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. എംഎല്‍എമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികളില്‍ ധനകാര്യ വകുപ്പ് മുന്‍ഗണന ക്രമത്തില്‍ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കേണ്ടത്.

Signature-ad

പ്രധാന റോഡുകള്‍, സ്‌കൂള്‍, കോളേജ്, ആശുപത്രി, ടൂറിസം മേഖലകള്‍ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകള്‍, ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കാത്തതുമായ റോഡുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. നേരത്തെ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മാര്‍ഗരേഖ കാലികമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.

ഗുണനിലവാര പരിശോധനക്കായി ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേത്യത്വത്തില്‍ ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കും. പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എംഎല്‍എമാര്‍ 2024 നവംബര്‍ 30നകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുക്കപ്പെടുന്ന റോഡുകളുടെ പേര്, നീളം, വീതി എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി പട്ടികയില്‍ ഉള്‍പ്പെട്ടവയാകണമെന്ന് എംഎല്‍എമാര്‍ ഉറപ്പാക്കണം.

ജില്ലാ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമ പഞ്ചായത്ത്/ നഗരസഭ/ കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണികള്‍ക്കോ പുനരുദ്ധാരണത്തിനോ ഫണ്ട് അനുവദിച്ച റോഡുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാണം. അറ്റകുറ്റപ്പണികള്‍, ഭാഗിക പ്രവൃത്തികള്‍ എന്നിവ അടുത്ത കാലത്ത് നടപ്പിലാക്കിയ റോഡുകള്‍ പരിഗണിക്കുന്ന പക്ഷം ബാധ്യത കാലയളവില്‍ (ഡിഫക്ട് ലയബിലിറ്റി പിരിയഡ്) ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 2024 ഡിസംബര്‍ 20 നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ റോഡുകളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ 2025 ഏപ്രിലില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എംഎല്‍എമാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് മുതല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതുവരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായി മോണിറ്ററിങ് നടത്തുന്നതിന് പോര്‍ട്ടല്‍ സജ്ജമാക്കും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുരോഗതി അവലോകനം ചെയ്യും. പ്രവൃത്തികള്‍ക്ക് കുറഞ്ഞ ബാധ്യത കാലയളവ് രണ്ട് വര്‍ഷമായി നിജപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: