LIFELife Style

”രണ്ട് തെറ്റാണ് ഡയാന ചെയ്തത്! പുലര്‍ച്ചെ മൂന്നുമണിക്ക് വിളിച്ചിട്ട് അഭിനയിക്കാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞു”

തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ നാല്പതാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാളിനോട് അനുബന്ധിച്ച് നടിയുടെ ഡോക്യുമെന്ററിയും പുറത്തു വന്നിരുന്നു. നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഡയാന മറിയം കുര്യനില്‍ നിന്നും നയന്‍താരയെന്ന നടിയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഡോക്യുമെന്ററിയാണ് പുറത്തിറക്കിയിരിക്കുന്നത്.

നയന്‍താരയുടെ അമ്മയും സിനിമയിലെ സുഹൃത്തുക്കളുമായി നിരവധി ആളുകള്‍ നടിയെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി എത്തിയിരുന്നു. കൂട്ടത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലാണ് നയന്‍താര ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടും താല്പര്യമില്ലെന്നാണ് നടി ആദ്യം തന്നോട് പറഞ്ഞതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

Signature-ad

‘ചില കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെദൈവം തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയന്‍താരയുടെ വരവ് എന്നാണ് എനിക്ക് തോന്നുന്നത്. പത്തിരുപത് വര്‍ഷത്തിനുശേഷം നമ്മള്‍ പുറകോട്ടു നോക്കുമ്പോള്‍ നയന്‍താരയുടേത് അതിശയകരമായ കടന്നു വരവായിരുന്നു. മനസ്സിനക്കരെ എന്ന സിനിമ ഷീലയുടെ ഒരു തിരിച്ചുവരവായി ഹൈലൈറ്റ് ചെയ്യപ്പെട്ട് നിര്‍മ്മിച്ച സിനിമയാണ്.

അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിച്ചിരുന്നു. അങ്ങനൊരു ദിവസം വനിതാ മാസിക കാണാനിടയായി. അതിലൊരു പരസ്യത്തില്‍ ശലഭസുന്ദരിയെ പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെണ്‍കുട്ടിയെ കണ്ടു. അതിനു മുന്‍പ് അവരെ കണ്ടിട്ടുമില്ല. ഞാന്‍ ആ മാസികയുടെ എഡിറ്ററെ വിളിച്ചു. തിരുവല്ലയില്‍ ഉള്ള കുട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ആ കുട്ടിയുടെ വിവരങ്ങളും തന്നു.

അങ്ങനെ ഞാന്‍ ആദ്യമായി നയന്‍താരയെ വിളിക്കുന്നു. ഡയാന എന്നായിരുന്നു അവളുടെ പേര്. ശരിക്കും അ് ഡയാന ഷോക്കായി പോയിക്കാണും. കാരണം ഞാന്‍ സത്യന്‍ അന്തിക്കാടാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സാറിനെ അങ്ങോട്ടേക്ക് തിരിച്ചു വിളിക്കട്ടെ എന്ന് പറഞ്ഞ് ഡയാന ആ ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് പുലര്‍ച്ചെ മൂന്നുമണിക്ക് എനിക്കൊരു കോള്‍ വരുന്നു. ആ സമയത്ത് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞശേഷം നാളെ നേരിട്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. ‘സോറി സര്‍, എനിക്ക് അഭിനയിക്കുന്നതില്‍ താല്പര്യമില്ലെന്നും എന്റെ കുറച്ച് കസിന്‍സ് അഭിനയിക്കണ്ടെന്ന് പറഞ്ഞതായിട്ടും’ ഡയാന എന്നോട് പറഞ്ഞു.

ഇതിനു മറുപടിയായി ഞാന്‍ പറഞ്ഞത്, ഡയാന ഇപ്പോള്‍ ചെയ്തത് രണ്ടു തെറ്റാണ്. ഒന്ന് എന്നെ മൂന്നുമണിക്ക് വിളിച്ചുണര്‍ത്തി, രണ്ടാമത് സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. അഭിനയിക്കുന്നത് ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ വന്നു നോക്ക് രണ്ടുദിവസം ഷൂട്ടിംഗ് ഒക്കെ എങ്ങനെയാണെന്ന് കാണാമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഡയാന ലൊക്കേഷനില്‍ എത്തിയെങ്കിലും കുറച്ചു ദിവസം അവരെ അഭിനയിപ്പിച്ചില്ല. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുമ്പോള്‍ ഒപ്പം നിന്ന് കാണും. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ‘ഞാന്‍ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന് ഡയാന ഇങ്ങോട്ട് ചോദിച്ചു. അങ്ങനെയാണ് അവര്‍ ആദ്യമായി അഭിനയിച്ചതെന്നാണ് നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

 

Back to top button
error: