CrimeNEWS

അയ്യപ്പഭക്തരുടെ കാറിന് നേരെ നെയ്യാര്‍ഡാമില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ അയ്യപ്പഭക്തരുടെ കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തമിഴ്‌നാട് ആറുകാണി സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്ക് നേരെയായിരുന്നു ആക്രമണം. ശബരിമലയില്‍ നിന്നു മടങ്ങുകയായിരുന്ന കുട്ടി ഉള്‍പ്പെടെ അഞ്ചംഗ സംഘം നെയ്യാര്‍ അണക്കെട്ടിന് മുന്നിലെ പുതിയ പാലത്തില്‍ വാഹനം നിര്‍ത്തി ഡാം കാണുകായിരുന്നു.

ഈ സമയത്ത് ഇവിടെ എത്തിയ സാമൂഹ്യ വിരുദ്ധരുടെ സംഘം കാര്‍ നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത് കാറില്‍ ശക്തമായി ഇടിച്ചു. കൂടാതെ, അക്രമിയുടെ കയ്യില്‍ കിടന്ന ഇരുമ്പ് വള ഉപയോഗിച്ച് കാറിന്റെ ഗ്ലാസും തകര്‍ത്തു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അഞ്ചുപേരെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരോണ്‍, അഖില്‍, ശിവലാല്‍, അനന്ദു, അഖില്‍ (ചിന്നന്‍ ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Signature-ad

പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് നെയ്യാര്‍ഡാം പൊലീസ് അറിയിച്ചു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വാഹന യാത്രക്കാര്‍ക്ക് നേരെ സ്ഥിരമായി അതിക്രമം നടക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

 

Back to top button
error: