KeralaNEWS

വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണം; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്

കോട്ടയം: വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്‍.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആര്‍.ടി. ഓഫീസില്‍ നല്‍കണം. തുടര്‍ന്ന് ഉടമസ്ഥതാകൈമാറ്റ ഫീസടവ് നടപടി പൂര്‍ത്തിയാക്കണം. വാഹനം വിറ്റതിനുശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ഉറപ്പുവരുത്തണം. www.parivahan.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകള്‍ നല്‍കേണ്ടത്.വാഹനം വില്‍ക്കുന്നത് അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരില്‍ വാഹനകൈമാറ്റം പൂര്‍ത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.

Signature-ad

ആര്‍.ടി. ഓഫീസുകളില്‍ ഡീലര്‍ഷിപ്പ് രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്ക് വാഹനം വില്‍ക്കുമ്പോള്‍ പിന്നീട് അവര്‍ക്കാണ് ഉത്തരവാദിത്വം. വാങ്ങുന്ന വാഹനത്തിന്റെ വിവരം പരിവാഹന്‍ വെബ്സൈറ്റിലെ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്തും. പിന്നീട് വാഹനം ഡീംഡ് ഓണര്‍ഷിപ്പിലേക്കു മാറ്റും.

പിന്നീട് വാഹനം അറ്റകുറ്റപ്പണിക്കും ട്രയല്‍ റണ്ണിനും മാത്രമേ പുറത്തേക്കിറക്കാവൂ. ഈ വാഹനം ആര്‍ക്കെങ്കിലും വില്‍ക്കുമ്പോള്‍ കൈമാറ്റനടപടി പൂര്‍ത്തിയാക്കേണ്ടത് ഡീലറാണ്.

എന്നാല്‍, ഡീലര്‍ഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഒട്ടേറെപ്പേര്‍ അപേക്ഷിച്ചിട്ടും വാഹനവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ വര്‍ഗീസ് പറഞ്ഞു.

ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട കേസുകളില്‍ ആദ്യ ഉടമയ്ക്കെതിരേ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരവിധി വരുന്നത് പതിവാണ്. മയക്കുമരുന്ന് കടത്തിനും അക്രമങ്ങള്‍ക്കും വാഹനം ഉപയോഗിച്ചാലും ഉടമ കുഴപ്പത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: