കോട്ടയം: നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് പ്രതി അഖില്‍ സി വര്‍ഗീസ് സ്ഥലംമാറ്റ പട്ടികയില്‍ ഇടം പിടിച്ചു. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഒളിവില്‍ തുടരുന്നതിനിടെയാണ് തദ്ദേശ ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ പട്ടികയില്‍ അഖില്‍ ഉള്‍പ്പെട്ടത്. 2.39 കോടി തട്ടിയ ഇയാളെ പിടികൂടാന്‍ സാധിക്കാത്തിനെ തുടര്‍ന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം, സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.
പെന്‍ഷന്‍ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്.