ലഖ്നൗ: ഒരു വര്‍ഷം പഴക്കമുള്ള യുവ അഭിഭാഷകയുടെ കൊലക്കേസ്. കൊലയ്ക്കു പിന്നാലെ പിടിയിലായത് വിവാഹമോചിതനായ ഭര്‍ത്താവും കുടുംബവും. ദിവസങ്ങള്‍ക്കുശേഷം കൃത്യം നിര്‍വഹിച്ച പ്രതികള്‍ അറസ്റ്റിലാകുന്നു. ഇവര്‍ ആരോപണമുന മറ്റു രണ്ടുപേരിലേക്കു വഴിതിരിച്ചുവിട്ടതോടെ മുന്‍ ഭര്‍ത്താവും കുടുംബവും ജയില്‍മോചിതരാകുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങിയതോടെയാണ് കേസില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. ക്വട്ടേഷന്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ഥ ‘വില്ലന്മാര്’ യുവതിയുടെ മുന്‍ ഭര്‍ത്താവും കുടുംബവും തന്നെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുന്നു. ക്വട്ടേഷനില്‍ വാഗ്ദാനം ചെയ്ത 20 ലക്ഷം പൂര്‍ണമായി നല്‍കാതിരുന്നതാണത്രെ ഇയാളെ വെളിപ്പെടുത്തലിലേക്കു നയിച്ചത്.
അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിന്റെ കൊലക്കേസിലാണ് ഒരു വര്‍ഷത്തിനുശേഷം പൊലീസ് വീണ്ടും പുനരന്വേഷണത്തിലേക്കു നീങ്ങുന്നത്. ഉത്തര്‍പ്രദേശിലെ മീറത്ത് സ്വദേശിയാണ് അഞ്ജലി. 2023 ജൂണ്‍ ഏഴിനാണ് രണ്ടംഗ സംഘം ഇവരെ വെടിവച്ചു കൊല്ലുന്നത്. പാല് വാങ്ങി വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു സംഭവം.
സംഭവത്തിനു പിന്നാലെ യുവതിയുമായി പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് നിതിന്‍ ഗുപ്തയെയും ഭര്‍തൃ മാതാപിതാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജലിയും ഭര്‍തൃവീട്ടുകാരും തമ്മില്‍ ഒരു സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാകും കൊലയിലേക്കു നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. നിതിന്റെ പേരിലുള്ള വീട് യശ്പാല്‍, സുരേഷ് ഭാട്ടിയ എന്നിങ്ങനെ രണ്ടുപേര്‍ക്ക് വിറ്റിരുന്നെങ്കിലും വീടൊഴിയാന്‍ അഞ്ജലി കൂട്ടാക്കിയിരുന്നില്ല. ഇതില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയായിരുന്നു കൊലപാതകം നടന്നത്.
എന്നാല്‍, കൊലയ്ക്കു പിന്നില്‍ വീട് വാങ്ങിയ യശ്പാലും ഭാട്ടിയയുമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇവര്‍ നീരജ് ശര്‍മ എന്നയാളെ രണ്ടു ലക്ഷം നല്കി അഞ്ജലിയെ വകവരുത്താനുള്ള ക്വട്ടേഷന്‍ ഏല്‍പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ ഇവര്‍ മൂന്നുപേരും കൃത്യത്തില്‍ പങ്കാളികളായ മറ്റു രണ്ടുപേരും അറസ്റ്റിലായി. ഒരു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസമാണു പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.
ഇതിനു പിന്നാലെയായിരുന്നു നീരജ് ശര്‍മ പുതിയ വെളിപ്പെടുത്തലുമായി പൊലീസിനെ സമീപിച്ചത്. അഭിഭാഷകയുടെ ഭര്‍ത്താവ് നിതിന്‍ ഗുപ്തയും കുടുംബവുമാണ് തന്നെ ക്വട്ടേഷന്‍ ഏല്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. 20 ലക്ഷം രൂപയും അഞ്ച് കടകളുമായിരുന്നു ക്വട്ടേഷന്‍ തുകയായി വാഗ്ദാനം ചെയ്തിരുന്നത്. സംഭവദിവസം യുവതിയുടെ ലൊക്കേഷന്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും തത്സമയം കൈമാറിയതും മുന്‍ ഭര്‍ത്താവിന്റെ കുടുംബമായിരുന്നുവെന്നും പ്രതി പറഞ്ഞു.
കേസില്‍ മുന്‍കൂറായി നല്കിയ ഒരു ലക്ഷം രൂപ മാത്രമാണു ലഭിച്ചത്. കൃത്യം നിര്‍വഹിച്ചാല്‍ ബാക്കി തുക നല്‍കാമെന്നായിരുന്നു ഓഫര്‍. ജാമ്യത്തിലിറങ്ങിയ ശേഷം കുടുംബത്തെ സമീപിച്ചെങ്കിലും ഇവര്‍ പണം നല്കാന് കൂട്ടാക്കിയില്ല. ഇതോടെയാണു പ്രതി പൊലീസിനെ സമീപിച്ചത്. സിസിടിവി ദൃശ്യങ്ങളും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡും(സിഡിആര്‍) പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കേസന്വേഷണം അഡിഷനല്‍ എസ്പിക്ക് കൈമാറിയിരിക്കുകയാണ്. കൊലക്കേസില്‍ വിചാരണ നേരിടുന്നയാളായതുകൊണ്ടുതന്നെ പ്രതിയുടെ മൊഴി പൂര്‍ണമായും മുഖവിലയ്ക്കെടുക്കാനാകില്ല. കേസില്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ തുടര്‍നടപടികളിലേക്കു കടക്കൂവെന്നും പൊലീസ് വ്യക്തമാക്കി.