CrimeNEWS

അസം യുവതിയെ റോഡിലിട്ട് കുത്തിക്കൊന്നു; വയറ്റില്‍ കുത്തിയും വിഷം കഴിച്ചും കാമുകന്റെ ആത്മഹത്യാശ്രമം

എറണാകുളം: അസം സ്വദേശിനിയായ യുവതി റോഡില്‍ കുത്തേറ്റുമരിച്ചു. പെരുമ്പാവൂര്‍ മുടിക്കലിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയായ ഫാരിദ ബീഗം (27) ആണ് കൊല്ലപ്പെട്ടത്. യുവതിയുമായി അടുപ്പത്തിലായിരുന്ന അസം സ്വദേശി മഹര്‍ അലി (23) യെ സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചും വിഷം ഉള്ളില്‍ച്ചെന്നനിലയിലും പോലീസ് കണ്ടെത്തി.

ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.45-ന് മുടിക്കല്‍ ചിറയന്‍പാടം തണല്‍പരിവാര്‍ സംഘടനയുടെ ഓഫീസിനുസമീപമാണ് സംഭവം. ജോലിസ്ഥലത്തേക്കുപോയ യുവതിയെ യുവാവ് പിന്നാലെ ഓടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

നെഞ്ചിനുപിന്നില്‍ കുത്തേറ്റുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതിയെ ആക്രമിച്ചശേഷം മഹര്‍ അലി സ്വയം വയറ്റില്‍ കുത്തുകയും കൈയില്‍ കരുതിയിരുന്ന വിഷം കുടിക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്.

യുവാവിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് നിഗമനം. യുവതിയുടെ ഭര്‍ത്താവ് രണ്ടുകൊല്ലം മുന്‍പ് മരിച്ചതാണ്. ഇതിനുശേഷം പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മഹര്‍ അലിയുമായി അടുപ്പത്തിലായി. അടുത്തിടെ ഇരുവരും അസമില്‍ പോയിരുന്നു. ഒരാഴ്ച മുന്‍പ് യുവതി കേരളത്തില്‍ തിരിച്ചെത്തി. മഹര്‍ അലി ഞായറാഴ്ച രാവിലെയാണ് എത്തിയതെന്ന് പറയുന്നു. അസമില്‍ ഇരുവരും വഴക്കടിച്ച് പിരിഞ്ഞതായാണ് സൂചന. പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു.

Back to top button
error: