തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പറയുന്നത്.
കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപ് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമര്‍ശം. മുനമ്പത്തേത് മണിപ്പുരിന് സമാനമായ സ്ഥിതിയാണ്. മണിപ്പുര്‍ പൊക്കിനടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപിയുടെ പരാമര്‍ശം.
പതിനെട്ടാം പടിക്കു താഴെ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത്.