KeralaNEWS

സോളാര്‍ സ്ഥാപിക്കാന്‍ തിരക്കുകൂട്ടുന്നവര്‍ അറിയാന്‍; കേരളം രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: ‘സൂര്യഘര്‍’ പുരപ്പുറ സോളാര്‍ പ്ലാന്റിന് സംസ്ഥാനത്ത് വന്‍ഡിമാന്‍ഡ്. അപേക്ഷിച്ചത് 2.36ലക്ഷം പേര്‍. എല്ലാവര്‍ക്കും കൊടുക്കാനാകാതെ കെ.എസ്.ഇ.ബി. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതില്‍ കേരളം രാജ്യത്ത് രണ്ടാമതെത്തി. ഗുജറാത്താണ് മുന്നില്‍.

81,589 പേര്‍ക്ക് അനുമതി നല്‍കാമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഇതില്‍ 45,152പേര്‍ക്ക് നല്‍കി. അര്‍ഹരുടെ പട്ടിക കെ.എസ്.ഇ.ബി തയ്യാറാക്കും. പ്ലാന്റ് സ്ഥാപിക്കാന്‍ 885 വെണ്ടര്‍മാരെ എംപാനല്‍ ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ചവര്‍ക്ക് ഈ പാനലില്‍ നിന്ന് കരാറുകാരെ തിരഞ്ഞെടുക്കാം.

Signature-ad

നിര്‍മ്മാണം പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം കെ.എസ്.ഇ.ബി.നെറ്റ് മീറ്റര്‍ സ്ഥാപിക്കും. പിന്നീടാണ് അധികമുള്ള സോളാര്‍ വൈദ്യുതി ഗ്രിഡിലേക്ക് എടുക്കുക. ഇതിന് പണം നല്‍കും. ഗ്രിഡിലേക്ക് എടുക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡിയുമാണ് പ്രധാന ആകര്‍ഷണം. വൈദ്യുതി ബില്ലിന്റെ ബാദ്ധ്യതയും കുറയും.

2.25ലക്ഷം (3 കിലോവാട്ട്), 3.35ലക്ഷം (5 കിലോവാട്ട്) മുതലാണ് പാനലും ഇന്‍വര്‍ട്ടറും ഇന്‍സ്റ്റലേഷനും അടക്കം ചെലവ്. ഒരു കിലോവാട്ട് പ്ലാന്റിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്നുകിലോ വാട്ടിന് മുകളില്‍ 78,000 രൂപയും സബ്‌സിഡി കിട്ടും. സംസ്ഥാനത്ത് 32,877 ഉപഭോക്താക്കള്‍ക്ക് 256.2 കോടി രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. പ്‌ളാന്റ് സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.സഹായത്തോടെ ബാങ്ക് വായ്പയും കിട്ടും. മൂന്ന് കിലോവാട്ട് പ്ലാന്റ് മാസം 360 യൂണിറ്റ് ഉത്പാദിപ്പിക്കും. ഇതില്‍ സ്വന്തം ഉപയോഗം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബിക്ക് വില്‍ക്കാം.

സംസ്ഥാനത്തെ പുരപ്പുറ സോളാറിന്റെ പ്രധാന തടസം ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷിക്കുറവാണ്. പൂര്‍ണമായി വൈദ്യുതിവത്കരിച്ച കേരളത്തില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ശേഷിയിലും കൂടുതല്‍ ലോഡുണ്ട്. സോളാര്‍ വൈദ്യുതി ഗ്രിഡിലേക്ക് കയറ്റുമ്പോള്‍ ശേഷിയുടെ 75%ല്‍ കൂടുതരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അപേക്ഷകള്‍ കൂടിയതോടെ 90% വരെ ആകാമെന്ന് ഇളവ് നല്‍കി.എന്നിട്ടും പലയിടത്തും പ്ലാന്റിന് അനുമതി നല്‍കാനാവുന്നില്ല. അപേക്ഷകര്‍ക്കെല്ലാം സോളാര്‍ നല്‍കിയാല്‍ 368.20മെഗാവാട്ട് വൈദ്യുതി അധികം കിട്ടും. നിലവില്‍ 181മെഗാവാട്ട് മാത്രമാണ് കിട്ടുന്നത്. നെറ്റ് മീറ്ററിന്റേയും ട്രാന്‍സ്‌ഫോര്‍മറിന്റെ പരിമതിയുമാണ് കാരണം.

കെ.എസ്.ഇ.ബി. അനുമതി നല്‍കിയവരില്‍ തന്നെ 55.34% പേര്‍ക്കേ സോളാര്‍പാനല്‍ നല്‍കാനായിട്ടുള്ളൂ. പാനലുകളും നെറ്റ് മീറ്ററും കിട്ടാത്തതും ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷിക്കുറവുമാണ് കാരണം. സോളാര്‍ പാനല്‍ ലഭ്യമാക്കാന്‍ ദേശീയ തലത്തില്‍ നടപടികളെടുത്തിട്ടുണ്ട്. നെറ്റ് മീറ്ററിന് കെ.എസ്.ഇ.ബി. ഓര്‍ഡര്‍ കൊടുത്തെങ്കിലും രാജ്യത്തെ വന്‍ ഡിമാന്‍ഡ് മൂലം കിട്ടാന്‍ വൈകുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: