ന്യൂഡല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ പലാമുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് വാക്കു നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.
”കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് 10 % സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചില സംഘടനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അവര്‍ക്ക് ഉറപ്പും നല്‍കി.”അമിത് ഷാ പറഞ്ഞു.
മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. ബിജെപി അധികാരത്തില്‍ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് സംവരണം നല്‍കില്ല. അത്തരം ഗൂഢാലോചനകള്‍ രാഹുല്‍ ഗാന്ധിയുടെ മനസിലുണ്ടെങ്കില്‍ അത് നടക്കില്ല. കോണ്‍ഗ്രസ് ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.