കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് പി പി ദിവ്യ. ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യയുടെ വാദം.
തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ഫോണില്‍ സംസാരിച്ച നേതാക്കളെ ദിവ്യ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ റിമാന്‍ഡില്‍ കഴിയവേയാണ് ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയത്.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. പിപി ദിവ്യയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് യോഗം വിലയിരുത്തി. താമസിക്കുന്ന സ്ഥലമായ ഇരിണാവ് ലോക്കല്‍ കമ്മിറ്റിയിലെ ഇരിണാവ് ഡാം ബ്രാഞ്ചംഗമായാണ് ദിവ്യയെ തരംതാഴ്ത്തുന്നത്.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേയ്ക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേയ്ക്കുള്ള തരംതാഴ്ത്തല്‍.
ദിവ്യ സിപിഎം കേഡറാണ്. ദിവ്യയ്ക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടുപോകും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണ് എന്നായിരുന്നു ദിവ്യക്കെതിരായ നടപടിയില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരണം.