മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എന്‍ഡിഎയും.
കോണ്‍ഗ്രസിലെ വിമതരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ത്തെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഹാവികാസ് അഘാഡിയിലെ പന്ത്രണ്ടോളം വിമതര്‍ പിന്‍മാറിയെന്നും അദ്ദേഹം അറിയിച്ചു.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിവിട്ട്, വഞ്ചിത് ബഹുജന്‍ അഘാഡിയില്‍ ചേര്‍ന്ന് മത്സരിക്കാന്‍ ശ്രമിച്ച അനീസ് അഹമ്മദ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ 2 മിനിറ്റ് വൈകിപ്പോയതിനാല്‍ അദ്ദേഹത്തിന് പത്രിക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായ അനീസ് അഹമ്മദ് നാഗ്പുര്‍ മേഖലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പുനഃപ്രവേശം.
വിമതശല്യം പരിഹരിക്കാന്‍ ദേശീയ നേതാക്കളെയടക്കം ഉള്‍പ്പെടുത്തി ഊര്‍ജിതമായ പ്രശ്‌നപരിഹാര നടപടികളിലായിരുന്നു എന്‍ഡിഎ നേതൃത്വവും. ചര്‍ച്ചകളും വാഗ്ദാനങ്ങളും എത്രത്തോളം ഫലം കണ്ടെന്നറിയാന്‍ ഇന്നു വൈകിട്ടുവരെ കാത്തിരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി പതിനൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുപതും റാലികളില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ നേതാക്കള്‍ അറിയിച്ചു.
ഇതിനിടെ, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അജിത് പവാര്‍ കിങ്‌മേക്കറായി മാറുമെന്ന് മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ പ്രസ്താവന അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ആദര്‍ശ രാഷ്ട്രീയം മഹാരാഷ്ട്രയില്‍ അസ്തമിച്ചെന്നും തിരഞ്ഞെടുപ്പിന് ശേഷം ആര് ആര്‍ക്കൊപ്പമായിരിക്കും എന്ന് ഒരാള്‍ക്കും പ്രവചിക്കാനാകില്ലെന്നും മാലിക്ക് പറഞ്ഞു.
‘അജിത് പവാറിനെക്കൂടാതെ ഇരുമുന്നണികള്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ല. അധികാരത്തിന് വേണ്ടി പാര്‍ട്ടി മാറുന്നത് സംസ്ഥാനത്ത് സര്‍വസാധാരണമായി മാറിയിട്ടുണ്ട്. എന്‍സിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും കൈകോര്‍ക്കാനുള്ള സാധ്യത പോലും ചര്‍ച്ചയിലുണ്ട്.’നവാബ് മാലിക് പറഞ്ഞു. എന്‍ഡിഎ മുന്നണിയില്‍ ഒതുക്കപ്പെടുന്നു എന്നു വികാരത്തില്‍ അസ്വസ്ഥനായ അജിത് പവാര്‍, തിരഞ്ഞെടുപ്പിന് ശേഷം മുന്നണിമാറ്റത്തിനുള്ള തീരുമാനം എടുത്തേക്കാമെന്ന സൂചനയാണ് മാലിക്കിന്റെ വാക്കുകളിലുള്ളത്.