KeralaNEWS

പാലക്കാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം, സമാന്തര കണ്‍വെന്‍ഷന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലേക്ക് പാര്‍ട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുല്‍ ഷുക്കൂറിന്റെ പിണക്കം ചര്‍ച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്.

Signature-ad

കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു.

”കോണ്‍ഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയില്‍ തുടര്‍ച്ചയായ രണ്ട് തവണയാണ് സിപിഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങള്‍ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്” – കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറും ഇത്തരത്തില്‍ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്നുമായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ നേരത്തെ പ്രതികരിച്ചത്.

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആളാണ് താന്‍. ഒരു ചവിട്ടിത്താഴ്ത്തല്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുല്‍ ഷുക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ശേഷം പാര്‍ട്ടി നേതാക്കള്‍ തന്നെ ഷുക്കൂറിനെ കണ്ട് അനുനയിപ്പിക്കുകയിരുന്നു. തുര്‍ന്ന് പാര്‍ട്ടി വിടേണ്ടെന്ന തീരുമാനത്തിലെത്തിയ ഷുക്കൂര്‍ ശേഷം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: