കൊല്ലം: കൊട്ടിയം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന പ്രതികള്‍ പിടിയില്‍. വെളിച്ചക്കാല ശാന്തിപുരം സ്വദേശി സദ്ദാം അടക്കം നാലു പ്രതികളാണ് പിടിയിലായത്. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് ചാത്തന്റഴികത്തു വീട്ടില്‍ നവാസാ(35)ണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. അന്‍സാരി, നൂറുദ്ദീന്‍, സദ്ദാം അടക്കം നാലുപേരാണ് പിടിയിലായത്.
നാലുപേര്‍ ചേര്‍ന്ന് നവാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതില്‍ ഒന്നാം പ്രതി സദ്ദാം ആണ്. ഇയാള്‍ കത്തി ഉപയോഗിച്ച് നവാസിന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത് കുത്തിയത്. കൊല്ലത്തെ വിവിധയിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. നവാസിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികളെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തഇല്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിവരുമ്പോള്‍ ഒരുസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവര്‍ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ അക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയില്‍ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴുത്തിനു പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു. മൃതദേഹം മീയണ്ണൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കണ്ണനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.