കുടക് സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്നും പകുതി കത്തിയ നിലയിൽ തെലങ്കാനയിലെ വ്യവസായിയായ രമേഷ്കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത് ഒക്ടോബര്‍ 8നാണ്. കൊലപ്പെടുത്തിയ ശേഷം രമേഷ്കുമാറിനെ പെട്രോൾ ഒഴിച്ചു കത്തിച്ചതാണെന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാലും കൊലപാതകത്തിന്റെ ഒരു തെളിവും സംഭവസ്ഥലത്ത് ഇല്ലാത്തതിനാലും പ്രതികളെ കണ്ടെത്തുകയെന്നത് കുടക് പൊലീസിന് ഏറെ ദുഷ്‌കരമായിരുന്നു. 500ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനിടെ ഒരു റെഡ് ബെന്‍സ് കാര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
മൂന്നാഴ്ചകള്‍ക്ക് മുന്‍പാണ് തെലങ്കാന വ്യവസായിയായ രമേഷിനെ കാണാതാവുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് നിഹാരിക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് കുടകിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതേദേഹം തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലിസ് അതുവഴി കടന്നുപോയ വാഹനങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അതിനിടെ ഒരു ചുവന്ന മെഴ്സിഡസ് ബെന്‍സ് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കാര്‍ രമേഷ് എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തി. കുടക് പൊലീസ് തെലങ്കാന പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയായ രമേഷിന്റെ ഭാര്യ നിഹാരികയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ച പ്രതി കാമുകനായ നിഖിലിന്റെയും അങ്കുറിന്റെയും സഹയാത്തോടെയാണ് കൃത്യം നടത്തിയതെന്ന് മൊഴി നല്‍കി.
29കാരി ഭാര്യ നിഹാരികയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിഹാരികയും അവരുടെ കാമുകനായ വെറ്ററിനറി ഡോക്ടര്‍ നിഖിലും അയാളുടെ സുഹൃത്ത് അങ്കുറും ചേര്‍ന്നാണ് കൊല നടത്തിയത്. കോടികളുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
രമേഷുമായി നിഹാരികയുടേത് രണ്ടാംവിവാഹമായിരുന്നു. 16 വയസ്സുള്ളപ്പോള്‍ നിഹാരികയുടെ അച്ഛന്‍ മരിച്ചു. അവളുടെ അമ്മ വീണ്ടും വിവാഹം കഴിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയ അവള്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിവാഹം കഴിച്ച നിഹാരിക ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഹരിയാനയില്‍ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിഹാരിക ജയിലിലായി. അവിടെ വച്ചാണ അങ്കുറിനെ പരിചയപ്പെട്ടത്.
ജയില്‍ മോചിതയായതിന് പിന്നാലെയാണ് നിഹാരിക വ്യവസായിയായ രമേശിനെ വിവാഹം കഴിച്ചു. രമേശിന്റെതും രണ്ടാം വിവാഹമായിരുന്നു. വ്യവസായിയുമായുള്ള വിവാഹത്തോടെ നിഹാരിക ആഢംബര ജീവിതം തുടര്‍ന്നു. അതിനിടെ രമേഷിനോട് നിഹാരിക 8 കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അത് നല്‍കാനാവില്ലെന്ന് രമേഷ് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നിഹാരികയും കാമുകനായ നിഖിലും തമ്മില്‍ വിവാഹേതര ബന്ധം തുടര്‍ന്നിരുന്നു. പണം നിരസിച്ചതോടെ മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് ഹൈദരബാദിലെ ഉപ്പലില്‍ വച്ചാണ് മൂവരും ചേര്‍ന്ന് രമേശിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിന് പിന്നാലെ പ്രതികള്‍ ബംഗളുരുവിലേക്ക് പോയി. ഉപ്പലില്‍ നിന്ന് 800 കിലോ മീറ്റര്‍ അകലെയുള്ള കുടകിലുള്ള ഒരു കാപ്പിത്തോട്ടത്തില്‍ മൃതദേഹം കത്തിച്ച ശേഷം മൂവരും ഹൈദരബാദിലേക്ക് മടങ്ങുകയും ചെയ്തു, പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു
മൃതദേഹം പൂര്‍ണ്ണമായി കത്തിനശിച്ചതിനാല്‍ പൊലീസിന് ഇതൊരു വെല്ലുവിളി നിറഞ്ഞ കേസായിരുന്നു.
”പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നോ നാലോദിവസം മുമ്പാണ് മൃതദേഹം കത്തിച്ചതെന്ന് ഞങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിഹാരിക, 28 വയസ്സുള്ള വെറ്ററിനറി ഡോക്ടര്‍ നിഖില്‍, അങ്കുര്‍ എന്നിവരെ അറസ്റ്റ് ചെയ്തു”
കുടക് പൊലീസ് മേധാവി രാമരാജന്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി നിഹാരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസ് അന്വേഷിക്കുന്ന 16 പേരടങ്ങുന്ന പ്രത്യേക പൊലീസ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കാർ കേരളത്തിൽ തൃശൂർ ജില്ലയിലും എത്തിയിരുന്നു.