”നീയാണല്ലേ പെണ്ണുങ്ങളെ വഴി നടക്കാന്‍ അനുവദിക്കാത്ത അലവലാതി ഷാജീീീ…”! തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ വില്ലന്‍ നടന് പ്രേക്ഷകയുടെ അടി
ചില വില്ലന്‍ കഥാപാത്രങ്ങളെ കണ്ടാല്‍ ഇയാള്‍ക്ക് നേരിട്ട് രണ്ടടി കൊടുക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അങ്ങനെ ഒരനുഭവം ഉണ്ടായിരിക്കുകയാണ് തെലുങ്ക് നടന്‍ എന്‍.ടി രാമസ്വാമിക്ക്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിയേറ്റര്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാമസ്വാമിക്ക് പരസ്യമായി അടി കിട്ടിയത്.
കഴിഞ്ഞദിവസമാണ് ‘ലവ് റെഡ്ഡി’ എന്ന ചിത്രം തെലുങ്കില്‍ റിലീസായത്. അഞ്ജന്‍ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് സമരന്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്. ചിത്രത്തിലെ കൊടുംവില്ലനായാണ് രാമസ്വാമി എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ തിയേറ്റര്‍ സന്ദര്‍ശനം നടക്കുകയായിരുന്നു. തിയേറ്ററിനകത്ത് കാണികളെ താരങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സ്ത്രീ ഓടിവന്ന് രാമസ്വാമിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
ഇവരെ പെട്ടന്നുതന്നെ അവിടെ കൂടിയിരുന്നവര്‍ ചേര്‍ന്ന് പിടിച്ചുമാറ്റി. ഇതിനിടെ ഇവരുടെ ഒപ്പമുണ്ടായിരുന്നവരെന്ന് തോന്നിക്കുന്ന ഏതാനും സ്ത്രീകളും ഇവരെ അനുനയിപ്പിക്കാന്‍ വരുന്നുണ്ട്. എന്നാല്‍, ഇവരെ തള്ളിമാറ്റി നടനെ അടിക്കാന്‍ വീണ്ടും ശ്രമിക്കുകയാണവര്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
സിനിമാക്കാരുടെ പ്രചാരണത്തിന്റെ തന്നെ ഭാഗമായുള്ള തിരക്കഥയാണ് ഈ സംഭവമെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.