മുംബൈ: 100 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനത്തില്‍ എത്താനാകാതെ ഇന്ത്യ മുന്നണി കുഴങ്ങുന്നു. സീറ്റ് വിഭജനം ഇന്നു പൂര്‍ത്തിയാകുമെന്ന് സംസ്ഥാന പിസിസി അധ്യക്ഷന്‍ നാനാ പഠോളെ പറഞ്ഞു.
ഇതുവരെ കെട്ടുറപ്പോടെ നീങ്ങിയ ഇന്ത്യാ സഖ്യത്തില്‍ ഏതാനും സീറ്റുകളുടെ പേരിലുള്ള തര്‍ക്കമാണ് തലവേദനയായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസും ശിവസേനാ ഉദ്ധവ് വിഭാഗവും എന്‍സിപി ശരദ് പവാര്‍ വിഭാഗവും 85 വീതം സീറ്റുകളില്‍ മത്സരിക്കുന്ന കാര്യം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്.
തങ്ങള്‍ മത്സരിക്കാനിരുന്ന വിദര്‍ഭയിലെ രാംടെക്, മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് അടക്കം ഏതാനും സീറ്റുകളില്‍ അന്തിമധാരണയാകുന്നതിനു മുന്‍പേ ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ചെറിയ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിട്ടും ഉദ്ധവ് വിഭാഗം കടുംപിടിത്തം തുടരുന്നതായാണ് സൂചന.
സെഞ്ച്വറി തികയ്ക്കാന്‍ രണ്ടോ, മൂന്നോ സിക്‌സറുകള്‍ അടിച്ചാല്‍ മതിയെന്നാണ് 85 സീറ്റ് ലഭിച്ച ഉദ്ധവ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ സഞ്ജയ് റാവുത്ത് ഇന്നലെ പ്രതികരിച്ചത്. നൂറു സീറ്റാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് ഇത് അംഗീകരിക്കുന്നില്ല. ജയസാധ്യതയുള്ള ഒട്ടേറെ സീറ്റുകള്‍ എങ്ങനെ ഉദ്ധവ് വിഭാഗത്തിനു വിട്ടുകൊടുക്കുമെന്നതാണ് അവരുടെ ചോദ്യം.
അതിനിടെ, ചെറുസഖ്യകക്ഷിയായ പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (പിഡബ്ല്യുപി) സിറ്റിങ് സീറ്റായ ലോഹയിലും അവര്‍ മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്ന ഉറന്‍, സംഗോള സീറ്റുകളിലും ഉദ്ധവ് വിഭാഗം സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് മുന്നണിയില്‍ പുതിയ തലവേദനയ്ക്കു കാരണമായി. പന്‍വേല്‍, ഉറന്‍, പെണ്‍, അലിബാഗ്, ലോഹ, സന്‍ഗോള എന്നീ 6 സീറ്റുകളാണ് പിഡബ്ല്യുപി ആവശ്യപ്പെട്ടിരുന്നത്. മുന്നണി മര്യാദ ലംഘിച്ചുള്ള ഉദ്ധവ് വിഭാഗത്തിന്റെ പ്രഖ്യാപനത്തിനെതിരെ ശരദ് പവാറിനെ സമീപിച്ചിരിക്കുകയാണ് പിഡബ്ല്യുപി നേതാക്കള്‍.
288 സീറ്റുകളുള്ള സംസ്ഥാനത്ത് ഇന്ത്യാ സഖ്യം 157 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉദ്ധവ് പക്ഷം 65 പേരുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ് 48 പേരെയും എന്‍സിപി ശരദ് പവാര്‍ വിഭാഗം 44 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. എന്‍ഡിഎ 182 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ശിവസേനാ ഷിന്‍ഡെ വിഭാഗവും എന്‍സിപി അജിത് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ക്കായി പിടിമുറുക്കിയിരിക്കുന്നതാണ് നടപടികള്‍ നീളാന്‍ കാരണം. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് എന്‍സിപി അജിത് വിഭാഗം മുംബൈ ഘടകം അധ്യക്ഷന്‍ സമീര്‍ ഭുജ്ബല്‍ പദവിയൊഴിഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സീറ്റ് തര്‍ക്കം തുടരുന്ന മഹായുതിയിലെ (എന്‍ഡിഎ) പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെട്ടിട്ടുണ്ട്. സഖ്യകക്ഷികളായ എന്‍സിപി അജിത് വിഭാഗത്തിനും ശിവസേനാ ഷിന്‍ഡെ വിഭാഗത്തിനും ഏതാനും സീറ്റുകള്‍ ബിജെപി വിട്ടുകൊടുത്തേക്കും. സ്വന്തം പാളയത്തില്‍ നിന്നു വെല്ലുവിളി ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്ത് വോട്ട് ഭിന്നിപ്പിക്കാതെ നോക്കണമെന്നും അമിത് ഷാ ബിജെപി നേതാക്കളോടു നിര്‍ദേശിച്ചു. ബിജെപി 99 പേരെയും ശിവസേനാ ഷിന്‍ഡെ വിഭാഗം 45 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എന്‍സിപി അജിത് വിഭാഗം 38 പേരുടെ പട്ടികയാണു പുറത്തിറക്കിയത്. നവംബര്‍ 20ന് നടത്തുന്ന തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 29 ആണ്.