KeralaNEWS

നവീന്റെ സ്ഥലം മാറ്റം വൈകിപ്പിച്ചു, അവധി നല്‍കാനും നിയന്ത്രണം; കളക്ടര്‍ക്കെതിരേ ബന്ധുക്കളുടെ മൊഴി

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ.നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന. കളക്ടര്‍ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ല. ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊഴിയാണ് കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘം രേഖപ്പെടുത്തിയത്.

നവീന്‍ ബാബുവിന് അവധി നല്‍കുന്നതില്‍ കടുത്തനിയന്ത്രണമുണ്ടായിരുന്നു. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചു. ഈ വിവരങ്ങളെല്ലാം നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. നവീന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയില്‍ എത്തിയെങ്കിലും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയന് വീട്ടില്‍ പ്രവേശിക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കിയിരുന്നില്ല. ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാന്‍ അവസരം വേണമെന്ന് ബന്ധുക്കളോട് മറ്റൊരാള്‍വഴി ആവശ്യപ്പെട്ടെങ്കിലും, താത്പര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്.

Signature-ad

അതേസമയം, കെ.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ ക്ഷണിച്ചതിനാലാണെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നത്. എ.ഡി.എമ്മിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. വീട്ടില്‍ രോഗിയായ അച്ഛന്‍, അമ്മ, മകള്‍, ഭര്‍ത്താവ് എന്നിവരുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.

പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: