IndiaNEWS

കൂട്ടുകാരന് പണി കൊടുക്കാന്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; 17 കാരന്‍ പിടിയില്‍

മുംബൈ:  സുഹൃത്തിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി അയച്ച 17കാരന്‍ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവില്‍ നിന്നായിരുന്നു അറസ്റ്റ്. ഇയാളെയും പിതാവിനെയും ചോദ്യം ചെയ്തുവരികയാണ്. സമൂഹ മാദ്ധ്യമത്തില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. തിങ്കളാഴ്ച കുറഞ്ഞത് 19 ഭീഷണികളെങ്കിലും മുഴക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കമാണ് വൈരാഗ്യത്തിനു പിന്നില്‍. എക്‌സ് അക്കൗണ്ടില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം, മസ്‌കറ്റിലേക്കും ജിദ്ദയിലേക്കും പോകേണ്ട ഇന്‍ഡിഗോ വിമാനം എന്നിവയെല്ലാം ഭീഷണിയെ തുടര്‍ന്ന് മണിക്കൂറോളം വൈകിയിരുന്നു. ഭീഷണികള്‍ക്ക് പിന്നില്‍ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Signature-ad

അതിനിടെ, വിമാനങ്ങള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്നലെ ബംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിംഗ് നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: