കാസർകോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതിന് ബാഡൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപിക സചിതാറൈ(27)ക്കെതിരെ 3 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൈവളിഗെ സ്വദേശി എം. മോക്ഷിത് ഷെട്ടിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസും ദേലമ്പാടി ശാന്തിമല വീട്ടില്‍ സുചിത്ര(27)യുടെ പരാതിയില്‍ ബദിയടുക്ക പൊലീസും കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശിനി രക്ഷിതയുടെ പരാതിയില്‍ ഉപ്പിനങ്ങാടി പൊലീസുമാണ് സചിതാറൈക്കെതിരെ കേസെടുത്തത്.
കര്‍ണാടക എക്സൈസ് വകുപ്പില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മോക്ഷിത് ഷെട്ടിയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് സചിതാറൈ തട്ടിയെടുത്തത്. ഗൂഗിള്‍ പേവഴിയാണ് പണം അയച്ചത്. മുൻ പരിചയമുള്ള അധ്യാപികയായതിനാല്‍ സംശയം തോന്നിയില്ല. പിന്നീട് സചിതാറൈയെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ട് വാട്സ് ആപ്പില്‍ സന്ദേശം അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ശാന്തിമലയിലെ സുചിത്രയില്‍ നിന്ന് 7,31,500 രൂപയാണ് സചിതാറൈ കൈക്കലാക്കിയത്. ജനുവരി 24 മുതല്‍ ജൂണ്‍ 24 വരെയുള്ള കാലയളവുകളിലാണ് സുചിത്ര വിവിധ തവണകളായി പണം നല്‍കിയത്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സുചിത്ര മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
രക്ഷിതക്ക് ജോലി വാഗ്ദാനം ചെയ്ത് 13,11,660 രൂപ സചിതാറൈ തട്ടിയെടുത്തു എന്നാണ് ഉപ്പിനങ്ങാടി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. 8,66,868 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക ഗൂഗിള്‍ പേ വഴിയും അയച്ചു കൊടുക്കുകയായിരുന്നു. സചിതാറൈയും രക്ഷിതയും പുത്തൂര്‍ കോളജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഈ സൗഹൃദം മുതലെടുത്താണ് രക്ഷിതയെ സചിതാറൈ തട്ടിപ്പിനിരയാക്കിയത്.
നിലവിൽ 15 ലധികംപ്പേരിൽ നിന്നായി കോടികളാണ് സച്ചിത റൈ തട്ടിയെടുത്തത്.
ഇതിനിടെ സചിത റൈ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇവർക്കതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്നുമുള്ള പൊലീസിന്റെയും പ്രോസിക്യൂഷൻ്റെയും റിപ്പോർട്ട് പരിഗണിച്ചാണ് കോടതി വിധി.
സച്ചിതാ റൈയെ പിടികൂടാൻ പൊലീസ് കോഴിക്കോട്ട് എത്തിയതായി വിവരമുണ്ട്. പുത്തിഗെ ബാഡൂർ എയ്ഡഡ് സ്കൂളിലെ അധ്യാപികയായ യുവതി ജൂലായ് മുതല്‍ പ്രസവാവധിയിലാണ്.
ഇവർ കോഴിക്കോട്ടെ ഭർതൃവീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കോഴിക്കോടെത്തിയെങ്കിലും സചിതാ റൈ രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി അവിടെ നിന്നും മുങ്ങിയതായാണ് വിവരം. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് ഇവർ എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിയതായുള്ള പ്രചാരണം ശക്തമാണ്. ഹൈക്കോടതിയും കൈവിട്ടാൽ സച്ചിത പൊലീസിൽ കീഴടങ്ങുമെന്നാണ് സൂചന.
ഉഡുപ്പിയിൽ ജോലി റിക്രൂട്മെന്റ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖർ കുന്താർ എന്നയാൾ വഴിയാണ് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതെന്നാണ് പറയപ്പെടുന്നത്. ചന്ദ്രശേഖർ കുന്താറിന് 72 ലക്ഷം രൂപ നൽകിയതിന് ഗ്യാരന്റിയായി അയാൾ നൽകിയ ചെക്ക് സച്ചിത റൈയുടെ കയ്യിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.