NEWS

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടിയോ? എന്താണ് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്നത്?

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിര്‍വികാരനായി ഇരുന്ന കലക്ടറുടെ നടപടി പൊതുസമൂഹത്തില്‍ മാത്രമല്ല, കലക്ടറേറ്റ് ജീവനക്കാര്‍ക്കിടയിലും വലിയ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു. എന്താണ് എഡിഎം നവീന്‍ ബാബുവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് അന്ന് കലക്ടേറ്റില്‍ നടന്നത്?

താന്‍ വിരമിക്കുകയല്ലെന്നും സ്ഥലം മാറ്റം വാങ്ങി പോകുകയാണെന്നും അതിനാല്‍ യാത്രയയപ്പ് വേണ്ടെന്നും നവീന്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം യാത്രയയപ്പ് ചടങ്ങിന് നവീന്‍ ബാബു തയാറാകുകയായിരുന്നു. കലക്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചടങ്ങ് നടന്ന ദിവസത്തിന് ഒരു ദിവസം മുന്‍പേ നവീന്‍ ബാബുവിന്റെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറങ്ങിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് അന്നേ ദിവസം നവീന്‍ ബാബു ഓഫിസില്‍ എത്തിയത്.

Signature-ad

പി.പി. ദിവ്യക്ക് വേണ്ടിയാണ് ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ടെങ്കിലും അതില്‍ ഇതുവരെ വ്യക്തതയില്ല. ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് കലക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ പി.പി. ദിവ്യ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ഇക്കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന കാര്യം കലക്ടര്‍ അരുണ്‍ കെ. വിജയന്‍, പി.പി. ദിവ്യയെ അറിയിച്ചിരുന്നോ എന്നും അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതുണ്ട്.

അതിനിടെ കലക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് കണ്ണൂര്‍ ടൗണ്‍ സിഐ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് അരുണ്‍ കെ. വിജയന്‍ ഓഫിസില്‍ ഹാജരായിരുന്നില്ല. അതേസമയം സംഭവിച്ച കാര്യങ്ങളില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് കാണിച്ച് കലക്ടര്‍, നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്ത് നല്‍കി. മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട്ടില്‍ രാവിലെയോടെയാണ് സബ് കലക്ടര്‍ വഴി കത്ത് നേരിട്ട് എത്തിച്ചത്. കത്തില്‍ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: