ആലപ്പുഴ: രാവിലത്തെ ആലപ്പുഴ- എറണാകുളം മെമുവില്‍ (06016) തിക്കിലും തിരക്കിലും ദുരിതയാത്ര തുടരുന്നു. ഇന്നലെ ചേര്‍ത്തല സ്റ്റേഷനില്‍ നിന്നു കയറിയ വിദ്യാര്‍ഥിനി തിരക്കു കാരണം കുഴഞ്ഞു വീണു. വിദ്യാര്‍ഥിനിയെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. ട്രെയിനില്‍ തിങ്ങി ഞെരുങ്ങി നിന്നതു കാരണം ശ്വാസം കിട്ടാതെ വന്നതാണു കുഴഞ്ഞു വീഴാന്‍ കാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. നാലു ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. കുമ്പളം സ്റ്റേഷനില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും എറണാകുളം സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ടെന്നും അവിടെ എത്തിക്കാനുമായിരുന്നു അധികൃതരുടെ മറുപടിയെന്നു സഹയാത്രികര്‍ പറയുന്നു.
എറണാകുളത്ത് എത്തിയപ്പോഴും റെയില്‍വേയുടെ ഭാഗത്തു നിന്ന് ആശുപത്രിയിലെത്തിക്കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്നു സഹയാത്രികരാണു വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്നു പുറപ്പെടുന്ന മെമുവില്‍ തിരക്കു കാരണം ആളുകള്‍ കുഴഞ്ഞു വീഴുന്നതു സ്ഥിര സംഭവമാണെന്നു യാത്രക്കാര്‍ പറയുന്നു. പലപ്പോഴും ബോധക്കേട് ഉണ്ടായാലും തിരക്കു കാരണം സീറ്റില്‍ കിടത്താന്‍ പോലുമാകില്ല. ആലപ്പുഴയില്‍ നിന്നു ട്രെയിന്‍ പുറപ്പെട്ട് മാരാരിക്കുളം പിന്നിടുമ്പോഴേക്കും തിരക്കാകും.
മറ്റു ട്രെയിനുകള്‍ക്കു കടന്നു പോകാനായി തുറവൂരില്‍ 15 മിനിറ്റോളം ട്രെയിന്‍ പിടിച്ചിടുകയും ചെയ്യും. ഇതു കാരണം യാത്രക്കാര്‍ തിരക്കില്‍ ഏറെ നേരം നില്‍ക്കേണ്ടി വരും. തുറവൂര്‍ സ്റ്റേഷന്‍ കഴിഞ്ഞാണു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെങ്കില്‍ ട്രെയിന്‍ എറണാകുളത്ത് എത്തിയ ശേഷമേ ആശുപത്രിയില്‍ എത്തിക്കാനാകൂ. കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ചു ബന്ധുക്കളും വന്ന ശേഷം ജോലിക്ക് എത്തുമ്പോഴേക്കും വൈകുകയാണെന്നു ഫ്രന്‍ഡ്‌സ് ഓണ്‍ റെയില്‍സ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാര്‍ പറഞ്ഞു. ഇതുകാരണം പലര്‍ക്കും ശമ്പളം നഷ്ടപ്പെടുകയാണ്. മെമുവിലെ തിരക്കിനു പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികളിലേക്കു കടക്കുമെന്നും ബിന്ദു വയലാര്‍ പറഞ്ഞു.