IndiaNEWS

ആര്‍എസ്എസ് തീവ്രവാദ സംഘടന, പ്രവര്‍ത്തനം നിരോധിക്കണം; കനേഡിയന്‍ ഖലിസ്ഥാന്‍ നേതാവ്

ഒട്ടാവ: ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും അവരുടെ കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്നും കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) തലവന്‍ മൈക്ക് ദുഹോം ആരോപിച്ചതിന് പിന്നാലെയാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന.

Signature-ad

ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണക്കുന്ന ജഗ്മീത് സിങ്ങ് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്ത്യക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ഉന്നയിച്ചിരിക്കുന്നത്. ‘ആരോപണവിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതുപോലെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ കാനഡയില്‍ നിരോധിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ആ തീവ്രവാദ സംഘടന ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.സി.എം.പിയുടെ അന്വേഷണത്തിലൂടെ ഇതുവരെ കണ്ടെത്തിയ കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ളതാണ്. ഇതെല്ലാം ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. പ്രത്യേകിച്ച് മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ വിവിധ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ജഗ്മീത് സിങ് ആരോപിക്കുന്നു.

‘അവര്‍ കാനഡക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇക്കാര്യങ്ങളെല്ലാം വളരെ ഗുരുതരമാണ്. കാനഡയിലെ പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാണ്. ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ ഒരുപാട് സ്നേഹിക്കുന്നു. അതിനാല്‍ കാനഡയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകും.’-ജഗ്മീത് സിങ്ങ് വ്യക്തമാക്കി.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മുന്‍സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍.ഡി.പി.) നേതാവാണ് ജഗ്മീത് സിങ്. ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിക്കുന്ന ജഗ്മീത് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയോടും ബ്രിട്ടനോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: