പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ പി.സരിന്‍. ഇന്ന് രാവിലെ 11.30 ന് മാധ്യമങ്ങളെ കാണും. പാലക്കാട് മത്സരിക്കാനും സാധ്യതയുണ്ട്. ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാര്‍ഥി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ പാലക്കാട് മുന്‍ എംപി കൂടിയായ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍.
ഷാഫി പറമ്പില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ തെരഞ്ഞെടുപ്പിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലക്കാട് ഡിസിസിയില്‍ അതൃപ്തി ഉടലെടുക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെയാണ് പാലക്കാട് രാഹുലിന് കളമൊരുങ്ങുന്നത്. കെ.മുരളീധരന്‍, പി.സരിന്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ രാഹുലിന് നറുക്ക് വീഴുകയായിരുന്നു.
അതേസമയം, പാലക്കാട്ടെ കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി മുതലാക്കാനാണ് സിപിഎമ്മിന്റെ നീക്കം. പി.സരിന്‍ അടക്കമുള്ളവരോട് സിപിഎം പ്രാദേശിക നേതൃത്വം സംസാരിച്ചെന്നാണ് സൂചന. ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളും ചര്‍ച്ചയുടെ ഭാഗമായി. ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടെന്ന് സിപിഎം വിലയിരുത്തല്‍.