
വ്യവസായ പ്രമുഖൻ രത്തന്‍ ടാറ്റ (86) മുംബൈയിൽ അന്തരിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് ഇന്നലെ രാത്രി 11 മണിയോടെയാണ്. രക്തസമ്മർദ്ദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഉടൻ വെന്റിലേറ്ററിലാക്കി.
ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽ നിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയ രൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991ൽ ജെ.ആർ.ഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.
6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു.
അവിവാഹിതനായ അദ്ദേഹം മികച്ച പൈലറ്റുമാണ്. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.






