തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പേര്‍ഷ്യന്‍ ഭാഷയില്‍ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തയാളെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വിളപ്പില്‍ശാല സ്വദേശി മനു(42)വാണ് അറസ്റ്റിലായത്. തിരുവനന്തപുരം വിതുര ബസ് ഡിപ്പോയ്ക്കു സമീപം ഞായറാഴ്ച രാത്രി 7:30 ആണ് സംഭവം.
ബോണക്കാട്ട് പോയി മടങ്ങുകയായിരുന്നു മനുവിനും കുടുംബത്തിനും ബസ് കിട്ടിയില്ല. തുടര്‍ന്ന് ജീപ്പ് വിളിച്ച് വിതുരയില്‍ എത്തി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറിയ ഇവര്‍ ബസ് നേരത്തെ പുറപ്പെട്ടു എന്ന് ആരോപിച്ച് സെക്യൂരിറ്റിയും സ്റ്റേഷന്‍ മാസ്റ്ററെയും പേര്‍ഷ്യന്‍ ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം.
ആ സമയം സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തേവിയോട് സ്വദേശി രമണന്‍ ഇത് ചോദ്യം ചെയ്തു. അവിടെ നിന്നു പോയ മനു അല്പസമയത്തിനുശേഷം ഓട്ടോറിക്ഷയുമായെത്തി ഒരു കടയുടെ മുന്നില്‍ നിന്ന രമണനെ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചു വീണ രമണന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. എല്ല് പൊട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മനു മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.