തിരുവനന്തപുരം: സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട്, അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ ‘ദേശവിരുദ്ധ’ പരാമര്‍ശം പി.വി.അന്‍വര്‍ വെളിപ്പെടുത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തല്‍ക്കാലം ഉത്തരമില്ലാതെ തുടരും. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു ഹാജരാകില്ല. സര്‍ക്കാര്‍ അറിയാതെ ഇവരെ വിളിച്ചുവരുത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇതോടെ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍പെട്ട് ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. നേരിട്ടു ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉള്‍പ്പെടെ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചിരുന്നത്. ഇന്നു വൈകിട്ട് നാലിനു ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും കൂട്ടിയെത്താനാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനുള്ള കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇരു വിഷയങ്ങളിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മൂന്നാഴ്ച മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചത്. സര്‍ക്കാരിന്റെ മറുപടി തയാറാക്കിയെങ്കിലും രാജ്ഭവനിലേക്കു കൈമാറുന്നതിനു മുന്‍പ് തടയുകയായിരുന്നുവെന്നാണു വിവരം. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ‘സ്വര്‍ണക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനം’ തുടങ്ങിയ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയത് 4 ദിവസം മുന്‍പാണ്. ഏതെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഈ പണം ഉപയോഗിക്കുന്നു, ആരെല്ലാമാണു പിന്നില്‍ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.