IndiaNEWS

ബസിന് ‘ഇസ്രായേല്‍’ എന്ന് പേരിട്ടു; വിവാദമായതോടെ ‘ജറുസലേം’ എന്നാക്കി

ബംഗളുരു: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി.

കഴിഞ്ഞ 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമയായ ലെസ്റ്റര്‍ കട്ടീല്‍. ബസിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെയാണ് പേര് മാറ്റാന്‍ ഇദ്ദേഹം തയ്യാറായത്. ബസിന്റെ പേരിനെച്ചൊല്ലി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ വിഷയത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും പറഞ്ഞിരുന്നു.

Signature-ad

മംഗളുരുവിലെ മൂഡബിദ്രി-കിന്നിഗോളി-കട്ടീല്‍-മുല്‍ക്കി റൂട്ടിലോടുന്ന ബസാണിത്. ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റിയത്.

‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടതില്‍ എന്തിനാണ് ആളുകള്‍ ഇത്ര പ്രശ്നമുണ്ടാക്കുന്നതെന്ന് മനസിലാക്കുന്നില്ലെന്ന് ലെസ്റ്റര്‍ പറഞ്ഞു. ബസിന്റെ പേര് മാറ്റണമെന്ന്‌ലീ പൊലീസുദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലെ വിവാദത്തിന് മറുപടിയെന്ന നിലയിലാണ് ബസിന്റെ പേര് മാറ്റാന്‍ താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

”ഇസ്രായേലാണ് എനിക്ക് ഒരു ജീവിതം നല്‍കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഇസ്രായേലിലെ രീതികള്‍ എനിക്ക് ഇഷ്ടമാണ്. ആ രാജ്യത്തോടുള്ള ആരാധന കൊണ്ടാണ് ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ എന്നെ വിഷമിപ്പിച്ചു,” ലെസ്റ്റര്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

അതേസമയം, ബസിന്റെ പേരുമായി ബന്ധപ്പെട്ട കാര്യത്തില്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല. എന്നാല്‍ പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ ബസിന് ഇസ്രായേല്‍ എന്ന് പേരിട്ടയാള്‍ക്കെതിരെയും കേസെടുക്കാമെന്ന് വിമര്‍ശകര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: