LIFELife Style

ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടന്‍… ബന്ധുക്കള്‍ ഉപേക്ഷിച്ചതോട ഗാന്ധിഭവനില്‍, ഗുരുതരാവസ്ഥയില്‍ ടി.പി മാധവന്‍

ട്ടനവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ അനുഗ്രഹീത നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി മാധവന്‍ കഴിഞ്ഞ കുറച്ച് അധികം വര്‍ഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായിരുന്നു ടി.പി മാധവന്‍. താരം ചെയ്ത ക്യാരക്ടര്‍ റോളുകള്‍ എല്ലാം തന്നെ എന്നേക്കും മലയാളിയുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന നടനെ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

Signature-ad

നടന്റെ സര്‍ജറി പൂര്‍ത്തിയായെന്നും എങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ പ്രാര്‍ത്ഥനകള്‍ വേണമെന്നും ഗാന്ധിഭവന്‍ അധികൃതര്‍ സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് താരത്തിന് പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് എത്തിയത്. ഉറ്റവര്‍ ഉപേക്ഷിച്ചതിനാല്‍ മാധവന്റെ സ്വന്തവും ബന്ധവുമെല്ലാം ഗാന്ധി ഭവനിലെ അംഗങ്ങളും അവിടുത്തെ ജീവനക്കാരുമാണ്. ഗാന്ധി ഭവനില്‍ എത്തിയശേഷം മറവി രോ?ഗവും നടനെ ബാധിച്ചിട്ടുണ്ട്.

പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍.പി പിള്ളയുടെ മകനാണ് ടി.പി മാധവന്‍. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. പിപ്പ, ഷെഫ്, എയര്‍ലിഫ്റ്റ് എന്നിവയാണ് രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരിലാണ് രാജകൃഷ്ണമേനോന്‍ പഠിച്ചതും വളര്‍ന്നതും.

മകന് രണ്ടര വയസ് പ്രായമുള്ളപ്പേഴാണ് ടി.പി മാധവന്‍ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമാ മോഹം കൂടിയപ്പോള്‍ കുടുംബവുമായി പിന്നെ ബന്ധപ്പെട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് മകനെ കാണണം എന്ന ആഗ്രഹം താരം പറഞ്ഞത്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചുപോയ അച്ഛനെ ഇനി കാണണ്ട എന്ന നിലപാടിലാണ് രാജകൃഷ്ണമേനോന്‍. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ താരത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു.

പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് കണ്ടെത്തിയതും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധിഭവനില്‍ എത്തിച്ചതും. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു.

1975ല്‍ രാഗം എന്ന സിനിമയിലൂടെയാണ് മാധവന്‍ മലയാള സിനിമയിലെത്തിയത്. നടന്‍ സുരേഷ് ഗോപി, കെ.ബി ഗണേഷ്‌കുമാര്‍, നടി ചിപ്പി ഭര്‍ത്താവ് രഞ്ജിത്ത്, ജയരാജ് വാര്യര്‍, മധുപാല്‍ തുടങ്ങിയ ചുരുക്കം ചില സിനിമാക്കാര്‍ മാധവനെ കാണാന്‍ ഇടയ്ക്ക് ഗാന്ധി ഭവനില്‍ എത്താറുണ്ട്. അടുത്തിടെ മാധവനെ കണ്ടപ്പോള്‍ വികാരധീനയായാണ് നടി നവ്യ നായര്‍ സംസാരിച്ചത്.

ഗാന്ധി ഭവനിലാണ് മാധവന്‍ കഴിയുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറഞ്ഞത്. നിരവധി സിനിമകളില്‍ ടി.പി മാധവനൊപ്പം നവ്യ അഭിനയിച്ചിട്ടുണ്ട്.

 

Back to top button
error: