കിടപ്പുമുറി വെറും ഒരു മുറിയല്ല, ശ്രദ്ധിക്കാന്‍ ഏറെയുണ്ട്; ഇല്ലെങ്കില്‍ പണി പാളും
കിടപ്പുമുറിയ ഒരു മുറിമാത്രമല്ല. കുടുംബാംഗങ്ങളുടെയും കുടുംബത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഐശ്വര്യത്തിന്റെയും ഉറവിടമാണ്. കിടപ്പുമുറിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന ചെറിയൊരു അശ്രദ്ധയ്ക്കുപോലും വലിയ വില നല്‍കേണ്ടിവരുമെന്ന് നൂറുശതമാനം ഉറപ്പ്. കിടപ്പുമുറിയുടെ സ്ഥാനം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യമായി പരിഗണിക്കേണ്ടത് കിടപ്പുമുറിയുടെ സ്ഥാനം തന്നെയാണ്. തെക്കുപടിഞ്ഞാറുഭാഗത്തുള്ള കന്നിമൂലയിലായിരിക്കണം ഗൃഹനാഥന്റെ കിടപ്പുമുറി. വടക്കുകിഴക്കുഭാഗത്ത് കിഴക്കേദിക്കില്‍ നിന്ന് കയറുകയോ വടക്കുകിഴക്കുഭാഗത്തേക്ക് വടക്ക് ദിക്കില്‍ നിന്ന് നിന്ന് കയറുകയോ ചെയ്യാവുന്ന രീതിയിലാവണം വാതിലുകള്‍ സജ്ജീകരിക്കേണ്ടത്. ഇനി മുറിയില്‍ കട്ടില്‍ ഇടുമ്പാേഴും ശ്രദ്ധവേണം. കിഴക്കുഭാഗത്ത് തലവച്ച് കിടക്കുന്ന രീതിയിലാവണം കട്ടില്‍ ക്രമീകരിക്കേണ്ടത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ കുത്തിത്തിരുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് മുറിക്കുളളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കും.
തെക്കുപടിഞ്ഞാറ് മൂലയില്‍ വടക്കോട്ട് നോക്കിനില്‍ക്കുന്ന രീതിയിലാവണം സ്വര്‍ണവും പണവുമൊക്കെ വയ്ക്കേണ്ടത്. വടക്കോട്ടുനോക്കിനില്‍ക്കുന്ന രീതിയില്‍ അവ വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കിഴക്കോട്ട് നോക്കിനില്‍ക്കുന്ന രീതിയില്‍ വയ്ക്കാവുന്നതാണ്. കിടപ്പുമുറിയില്‍ അറ്റാച്ച്ഡ് ബാത്തുറൂമുണ്ടെങ്കില്‍ അതിന്റെ വാതില്‍ കര്‍ട്ടന്‍കൊണ്ട് മറയ്ക്കാനും മറക്കരുത്. ഒപ്പം ടോയ്ലറ്റിന്റെ വാതില്‍ തുറന്നിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പുമുറിയുടെ ചുമരുകള്‍ക്ക് അല്പം ഡാര്‍ക്ക് നിറം നല്‍കുന്നത് ഉറക്കത്തെ സ്വാധീനിക്കും. മുറി എപ്പോഴും അടുക്കും ചിട്ടയുമായി വൃത്തിയോടെ സൂക്ഷിക്കാനും മറക്കരുത്. ജീവനുള്ള ചെടികളോ ചെടികളുടെ പടങ്ങളോ കിടപ്പുമുറിയില്‍ ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് കൊക്കുകളുടെ ചിത്രം കിടപ്പുമുറിയുടെ കിഴക്കേ ഭിത്തിയില്‍ വയ്ക്കുന്നത് നന്നായിരിക്കും.