ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ‘ദ ഹിന്ദു’ ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തക ഡല്‍ഹിയില്‍ അഭിമുഖം നടത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് സിപിഎം നേതാവിന്റെ മകന്‍. ഹരിപ്പാട് മുന്‍ എംഎല്‍എ ടി.കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യനാണ് കൂടെയുണ്ടായിരുന്നത്. കൂടെ പിആര്‍ ഏജന്‍സി കൈസന്റെ സിഇഒ വിനീത് ഹാന്‍ഡെയും ഉണ്ടായിരുന്നു.
റിലയന്‍സിന് വേണ്ട് പിആര്‍ ചെയ്യുന്നു എന്നാണ് സുബ്രഹ്‌മണ്യന്‍ ഹിന്ദു ലേഖികയെ അറിയിച്ചത് . വിവാദ പരാമര്‍ശം ലേഖികക്ക് പിന്നീട് അയച്ചുനല്‍കിയതും ഇയാള്‍ തന്നെയാണ്.
അര മണിക്കൂര്‍ നേരമാണ് അഭിമുഖം നീണ്ടത്. അഭിമുഖം കഴിഞ്ഞശേഷം മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം കൂടി നല്‍കാനുണ്ടെന്ന് പറഞ്ഞ് ലേഖികയെ ഇയാള്‍ സമീപിക്കുകയായിരുന്നു. ഇക്കാര്യം ഹിന്ദുവിലെ മേലധികാരികളോട് ലേഖിക വിശദീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താന്‍ പിആര്‍ ഏജന്‍സിയാണ് ‘ദ ഹിന്ദു’വിനെ സമീപിക്കുന്നത്. തുടര്‍ന്ന് ഇതിന്റെ ചുമതല ഡല്‍ഹിയിലെ റിപ്പോര്‍ട്ടമാരെ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സുബ്രഹ്‌മണ്യന്റെ ഫേസ്ബുക്ക് പേജടക്കം ഇപ്പോള്‍ ലഭിക്കുന്നില്ല. ഇയാളെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ലെന്നാണ് വിവരം.