CrimeNEWS

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ‘അമാന ഗ്രൂപ്പ്’! വെളിപ്പെടുത്തുമായി ചരല്‍ ഫൈസല്‍; കരിപ്പൂരില്‍ സംഭവിക്കുന്നത് എന്ത്?

കോഴിക്കോട്: കേരളത്തിലെ സ്വര്‍ണ്ണം കടത്തില്‍ പ്രധാന മാഫിയ അമാന ഗ്രൂപ്പാണെന്ന് ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍. നിരവധി കേസുകളില്‍ പ്രതിയായ ഫൈസല്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ പ്രധാനിയാണ്. കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ഫൈസല്‍ പറയുന്നത്.

മാസം 200 കാരിയര്‍മാരെങ്കിലും കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായി എത്താറുണ്ട്. ഒരു മാസം മുപ്പത് കോടി മുതല്‍ 300 കോടിവരെ ഇടപാട് ഈ ഗ്രൂപ്പ് നടത്താറുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അഞ്ചു വര്‍ഷമായി അമാന ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ചരല്‍ ഫൈസല്‍. കൊടുവളളിയിലെ നാദിറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചരല്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍. കുടുക്കില്‍ ബ്രദേഴ്സിന് നേരേയും ആരോപണം ഉയരുന്നു. മുബിന്‍ എന്ന സുഹൃത്ത് വഴിയാണ് അമാന്‍ ഗ്രൂപ്പിനെ ബന്ധപ്പെട്ടതെന്നാണ് ഫൈസല്‍ പറയുന്നത്.

Signature-ad

പി.വി. അന്‍വര്‍ എം.എല്‍.എയടക്കം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ പങ്ക് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുന്നതിന്റെ പ്രശ്നം പ്രതിപക്ഷത്തിനുമുണ്ട്. അതും ആരോപണങ്ങള്‍ക്ക് കാരണമാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എ.ഡി.ജി.പി: അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയില്ല. ഇതിനുള്ള മറുപടിയിലാണ് മലപ്പുറത്തെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ പങ്ക് പറഞ്ഞത്. മതതീവ്രവാദത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. 150 കിലോ സ്വര്‍ണവും 125 കോടിരൂപയുടെ ഹവാലപ്പണവുമാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ മലപ്പുറത്തുനിന്ന് പോലീസ് പിടിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതിന് പിന്നാലെയാണ് എല്ലാം നിയന്ത്രിക്കുന്നത് അമാന ഗ്രൂപ്പാണെന്ന ആരോപണവുമായി ചരല്‍ ഫൈസലും രംഗത്തു വരുന്നത്.

ചരല്‍ ഫൈസലിനെ ചെര്‍പ്പുളശേരി പൊലീസ് പിടികൂടി കൂടിയിരുന്നു. വാഹനം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കോയമ്പത്തൂര്‍ സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ് നെല്ലായ പട്ടിശേരി ചരലില്‍ ഫൈസലിനെ അന്ന് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ സുഹൃത്ത് നെല്ലായ പൊട്ടച്ചിറ സ്വദേശി മുഹമ്മദ് സലീമിന്റെ മഹീന്ദ്ര ഥാര്‍ 10 ലക്ഷം രൂപക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ചരല്‍ ഫൈസലിനെ ശനിയാഴ്ച മലപ്പുറം മുതുകുറുശിയില്‍നിന്നാണ് അന്ന് പിടികൂടിയത്.

ചെര്‍പ്പുളശേരി സ്റ്റേഷനിലെ മറ്റ് മൂന്ന് കേസിലെയും 2021ല്‍ രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്തുകാരെ ആക്രമിച്ചകേസിലെയും പ്രതിയാണ് ഫൈസല്‍. മഞ്ചേരിയില്‍ കുഴല്‍പ്പണ വിതരണക്കാരനെ ആക്രമിച്ച് 16 ലക്ഷം കവര്‍ന്ന കേസിലും പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളിലേ്ക്കും അന്ന് പോലീസ് കടന്നിരുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണ്ണ കടത്തുമായി ചരല്‍ ഫൈസലിനുള്ള പങ്ക് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്. രാമനാട്ടുകരയിലെ പ്രശ്നത്തിന് കാരണവും അമാന ഗ്രൂപ്പാണെന്നാണ് ചരല്‍ ഫൈസല്‍ പറയുന്നത്.

വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി നടിയെ മരണത്തിന് എറിഞ്ഞു കൊടുത്ത റഹിം അടങ്ങുന്നതാണ് കുടുക്കില്‍ ബ്രദേഴ്സ്. താമരശ്ശേരിയിലെ കുടുക്കിലുമ്മാരം മൂസയുടെ കുടുംബമാണ് ഇത്. ഇവര്‍ക്കെതിരെ കൂടിയാണ് ചരല്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: