CrimeNEWS

സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.

Signature-ad

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.

ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഉടന്‍ അറസ്റ്റ് എന്നൊരു സാധ്യത ഈ കേസില്‍ പരിഗണിച്ചിട്ടില്ലെന്ന്, അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് ഇന്നു സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായിയ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ധരാത്രിയും തുടര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: