CrimeNEWS

പൂട്ടിയിട്ട വീട്ടില്‍നിന്നു ദുര്‍ഗന്ധം; ഫ്രിഡ്ജില്‍ 29 കാരിയുടെ മൃതദേഹം, 32 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയില്‍

ബംഗളൂരു: നഗരത്തില്‍ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തി. മാളിലെ ജീവനക്കാരിയായ 29 വയസുള്ള മഹാലക്ഷ്മി നീലമംഗല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വെട്ടി നുറുക്കി 32 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചത്. ബംഗളൂരുവിലെ വയലിക്കാവില്‍ വിനായക നഗറിലാണ് സംഭവം. യുവതി കഴിഞ്ഞ 5 മാസമായി വിനായക നഗറില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വരുന്നെന്ന് അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിജില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി യുവതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയിലാണ് കണ്ടെത്താനായത്. ഇതോടെയാണ് പ്രദേശവാസികള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Signature-ad

ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. നേപ്പാള്‍ സ്വദേശിയായ മഹാലക്ഷ്മി അഞ്ച് വര്‍ഷം മുമ്പാണ് ഹേമന്ത് ദാസിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിനോട് പിണങ്ങിയാണ് മഹാലക്ഷ്മി ബംഗളൂരുവിലെത്തി ജോലിക്കെത്തിയത്. ഇവിടെ വാടക വീട്ടിലേക്ക് ഭര്‍ത്താവ് ഇടയ്ക്ക് വന്ന് പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

കുറച്ച് ദിവസം മുമ്പ് മഹാലക്ഷ്മിക്കൊപ്പം ഒരു യുവാവ് വീട്ടിലെത്തിയിരുന്നു, സഹോദരനാണെന്നാണ് യുവതി പറഞ്ഞതെന്ന് സമീപവാസി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ സെപ്തംബര്‍ രണ്ടാം തീയതി മുതല്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: