Crime

പൊലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതി; വെടിവച്ചു വീഴ്ത്തി കീഴടക്കി

ചെന്നൈ: പൊലീസുകാരെ കത്തികൊണ്ടു വെട്ടി കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി. നാഗര്‍കോവില്‍, കൃഷ്ണന്‍കോവില്‍ വാധ്യാര്‍ വിളയില്‍ ആല്‍വിന്‍ ഹെസക്കിയേലിനെയാണ് (40) റേസ്‌കോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്‍ ഇരു കാല്‍മുട്ടിലും വെടിവച്ചു വീഴ്ത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 2.30നു കൊഡിസിയ മൈതാനിയിലാണു സംഭവം.

2023 ഫെബ്രുവരി 12ന് ഗുണ്ടാ നേതാവ് മധുര സത്യപാണ്ടിയെ ആവാരംപാളയം – നവഇന്ത്യ റോഡില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പിന്നീട് കോടതിയില്‍ കീഴടങ്ങിയ ആല്‍വിന്‍ മാസങ്ങള്‍ക്കു ശേഷം ജാമ്യത്തിലിറങ്ങി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കോടതി കഴിഞ്ഞ ജൂലൈ 26ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു,

Signature-ad

സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനിടെയാണ് ഇയാള്‍ കൊഡിസിയ മൈതാനി ഭാഗത്ത് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. പൊലീസ് വളഞ്ഞതോടെ ആല്‍വിന്‍ കത്തികൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍ രാജ്കുമാറിനെ വെട്ടിയ ശേഷം കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐ 3 തവണ വെടിയുതിര്‍ത്തത്.

ഇതില്‍ 2 ബുള്ളറ്റുകള്‍ രണ്ട് കാലിന്റെയും മുട്ട് തകര്‍ത്തു. താഴെവീണ പ്രതിയെ ഉടന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ജയില്‍ വാര്‍ഡിലെത്തിച്ചു ചികിത്സ നല്‍കിവരികയാണ്. പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡപ്യൂട്ടി കമ്മിഷണര്‍ സ്റ്റാലിന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Back to top button
error: