തെല്‍ അവിവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇസ്രായേലി പൗരനെ അറസ്റ്റ് ചെയ്തു. തെക്കന്‍ നഗരമായ അഷ്‌കെലോണില്‍ നിന്നുള്ള മോതി മാമന്‍(73) എന്ന വ്യവസായിയാണ് അറസ്റ്റിലായത്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ഇറാന്‍ രഹസ്യാന്വേഷണ സംഘം ഇയാളെ നിയോഗിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്. രണ്ടു തവണ മോതി ഇറാന്‍ സന്ദര്‍ശിച്ചെന്നും പണം പറ്റിയെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഷിന്‍ ബെത്തും ഇസ്രായേലി പൊലീസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലം തുര്‍ക്കിയില്‍ താമസിച്ചിരുന്ന മാമന്‍ തുര്‍ക്കി, ഇറാനിയന്‍ പൗരന്മാരുമായി ബിസിനസ് ബന്ധം പുലര്‍ത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മോതി മാമന്‍ രണ്ട് തുര്‍ക്കിഷ് പൗരന്മാരുടെ ഇടനിലയില്‍ ഇറാനില്‍ താമസിക്കുന്ന കോടീശ്വരനായ എഡ്ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളി. ഇയാളുടെ പ്രതിനിധികളായ രണ്ടുപേരുമായാണ് മാമന്‍ കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ സമന്‍ദാഗിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച് മാമന്‍ എഡ്ഡിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഇസ്രയേലി പൊലീസ് പറഞ്ഞു. മേയ് മാസത്തില്‍ സമന്‍ദാഗില്‍ വീണ്ടും കൂടിക്കാഴ്ച നടന്നു.
എഡ്ഡിക്ക് ഇറാനില്‍നിന്ന് പുറത്തുവരാന്‍ കഴിയാത്തതിനാല്‍ മോതി മാമനെ കിഴക്കന്‍ തുര്‍ക്കിയിലെ അതിര്‍ത്തി വഴി രഹസ്യമായി ഇറാനിലെത്തിച്ചുവെന്നും ഇറാനില്‍ വെച്ച് മാമന്‍ എഡ്ഡിയുമായും ഇറാന്‍ സുരക്ഷാ സേനയിലെ അംഗമെന്ന് പരിചയപ്പെടുത്തിയ ഖ്വജ എന്നയാളുമായും കൂടിക്കാഴ്ച നടത്തി. എഡ്ഡിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ആഗസ്തില്‍ വീണ്ടും മാമന്‍ ഇറാനിലെത്തി എഡ്ഡിയുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഉള്‍പ്പെടെയുള്ളവരെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. ഇതിനുശേഷം കഴിഞ്ഞ മാസം ഇസ്രയേലിലെത്തിയപ്പോഴാണ് മോതി മാമന്‍ അറസ്റ്റിലാകുന്നതെന്നും ഷിന്‍ ബെത് പ്രസ്താവനയില്‍ പറയുന്നു. നെതന്യാഹുവിനെ കൂടാതെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിന്‍ ബെത്ത് തലവന്‍ റോണന്‍ ബാര്‍ എന്നിവരെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.
മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള സാധ്യതയും ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കൃത്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മോതി മാമന്‍ ഒരു മില്യണ്‍ ഡോളര്‍ മുന്‍കൂറായി ആവശ്യപ്പെട്ടിരുന്നുവെന്നും ഇസ്രായേല്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത് നിരസിക്കുകയും ഭാവിയില്‍ അദ്ദേഹത്തെ ബന്ധപ്പെടുമെന്ന് പറയുകയും ചെയ്തു. രണ്ടാം തവണ ഇറാന്‍ വിടുന്നതിന് മുമ്പ്, മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്റുമാരില്‍ ഒരാള്‍ മാമന് 5,000 യൂറോ നല്‍കിയിരുന്നു.ചോദ്യം ചെയ്യലില്‍ മാമന്‍ ആരോപണങ്ങളൊന്നും നിഷേധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.