CrimeNEWS

മകളുടെ കാമുകനെ കുത്തിക്കൊന്നു, പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ; സംഭവം കൊല്ലത്ത്

   മകളുടെ പ്രണയബന്ധത്തിലുള്ള എതിർപ്പുമൂലം കാമുകനെ പിതാവ്  കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. ഇന്നലെ (വെള്ളി) സന്ധ്യക്ക് ആറരമണിയോടെ കൊല്ലം കുരീപ്പുഴ  വലിയക്കാവ് നഗറിലാണ് സംഭവം. ഇരവിപുരം സ്വദേശി പ്രസാദിൻ്റെ മകളും അരുൺകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ  പ്രസാദിന് ഇതിൽ കടുത്ത എതിർപ്പായിരുന്നു. മകളെ അരുൺകുമാർ ശല്യം ചെയ്യുന്നു എന്നാരോപിച്ച് പല തവണ പ്രസാദ് ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അരുൺകുമാറിനെ താക്കീതു ചെയ്തു വിട്ടയക്കുകയും ചെയ്തിരുന്നു. പക്ഷേ ആ പ്രണയബന്ധത്തെ തകർക്കാൻ അതു കൊണ്ടൊന്നും കഴിഞ്ഞില്ല.

ഒടുവിൽ സഹികെട്ട പ്രസാദ് കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ  ബന്ധുവിന്റെ വീട്ടിലേയ്ക്കു മാറ്റി. അരുൺ ഇവിടെ എത്തിയും പെൺകുട്ടിയെ കണ്ടു. കുപിതനായ പ്രസാദ് ഫോണിലൂടെ അരുണിനെ  പുലഭ്യം പറഞ്ഞു. അഭിമാനക്ഷേതമേറ്റ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ വാക്കേറ്റമുണ്ടായി.

Signature-ad

ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചിൽ കുത്തി. സാരമായി പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡ‍ിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: