ഡോ. പ്രവീൺ ഇറവങ്കര
കവിയൂർ പൊന്നമ്മ ചേച്ചി അന്തരിച്ചു. കരയാനൊന്നും തോന്നുന്നില്ല.
മരിച്ചു എന്നു തോന്നണമെങ്കിൽ കാണാമറയത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോകാനുളള കരുത്ത് മരണത്തിനുണ്ടാവണം.
പൊന്നമ്മച്ചേച്ചിയുടെ കാര്യത്തിൽ മരണം തോൽവി സമ്മതിക്കുകയേ വഴിയുള്ളു. കാരണം ‘ത്രിവേണി’ എന്ന ഒറ്റ സിനിമ മതി.
വയോവൃദ്ധനായ സത്യൻ മാഷിന്റെ കഥാപാത്രം വാർദ്ധക്യസഹജമായ അസുഖം കാരണം ഒരു കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. അത് ശാരദ അവതരിപ്പിച്ച ചെറുപ്പക്കാരിയായ നായികയെയായിരുന്നു. ഈ വിവരം പറയാൻ വിളിച്ചു വരുത്തുന്ന അവളുടെ അമ്മ കഥാപാത്രം താനാണു വധു എന്ന തെറ്റിധാരണയിയിൽ കാട്ടിക്കൂട്ടുന്ന ഒരു ലജ്ജാവിവശയായ പ്രകടനമുണ്ട്.
അതിനോളം വരില്ല ആരുടെ കണ്ണിലും ഒന്നും.
ഞാനും പൊന്നമ്മ ചേച്ചിയും കാണുന്നതും അടുക്കുന്നതും 2006ൽ. കൃത്യമായി പറഞ്ഞാൽ 18 വർഷം മുമ്പ്…. ഏഷ്യാനെറ്റിനു വേണ്ടി ഞാനെഴുതി ചലച്ചിത്ര സംവിധായകർ ജോസ് തോമസ് സംവിധാനം ചെയ്ത ‘ആലിലത്താലി’ എന്ന സീരിയലിലാണ്.
കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ നന്ദിലേത്ത് ബാലാമണിയമ്മയെയാണ് പൊന്നമ്മച്ചേച്ചി അവതരിച്ചിച്ചത്.
ബാലാമണിയമ്മയും ആലിലത്താലിയും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.
ഇടപ്പള്ളിയിലെ ലൊക്കേഷനിൽ ആരും കാണാതെ പൊന്നമ്മച്ചേച്ചി ആയിടക്കാണ് എനിക്കു വേണ്ടിമാത്രം ഉച്ചഭക്ഷണവും മുറുക്കാനും കൊണ്ടുവന്നു തുടങ്ങിയത്.
ഞങ്ങൾ തമ്മിൽ അപാര സിങ്കായി.
അമ്മയും മകനുമായി.
അടുത്ത സുഹൃത്തുക്കളായി.
ഞാൻ അവർക്കു വേണ്ടി എഴുതുമ്പോൾ അവരുടെ ശബ്ദം കേൾക്കുന്ന അവസ്ഥയായി.
ഒടുക്കം വർഷങ്ങൾക്കു ശേഷം ആലിലത്താലി കഴിഞ്ഞു പിരിയുമ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു കരഞ്ഞു.
‘ആലിലത്താലി’ക്കു ശേഷം ആഴ്ച ഒന്നു തികയും മുമ്പ് കൈരളി ടിവി യിൽ നിന്ന് ഒരു കോൾ.
പ്രോഗ്രാം മേധാവി പി.ഒ മോഹൻസാറാണ്.
“കവിയൂർ പൊന്നമ്മയെപ്പറ്റി ഒരു പ്രോഗ്രാംചെയ്യണം.
100 എപ്പിസോഡ് വേണം. നിങ്ങൾ രചനയും സംവിധാനവും ചെയ്യണം…”
ഞാൻ പൊന്നമ്മച്ചേച്ചിയെ ആലുവയിലെ വീട്ടിൽ ചെന്നു കണ്ടു.
ചേച്ചി അന്നെന്നെ വിട്ടില്ല.
ആതിഥേയത്വം കൊണ്ടു വീർപ്പുമുട്ടിച്ചു.
പിറ്റേന്നു കാലത്ത് ഷൂട്ട് ഫിക്സ് ചെയ്തത് ഇറങ്ങുമ്പൊൾ ചേച്ചി എന്റെ ചെവിയിൽ ചോദിച്ചു:
“സീരിയലിൽ കിട്ടുന്ന കാശ് എനിക്ക് വാങ്ങിച്ചു തരുമോ മോനേ…?”
അന്ന് ചേച്ചിക്കു സീരിയലിൽ ദിവസം കിട്ടുന്നത് 10000 രൂപയാണ്.
ഞാൻ പറഞ്ഞു:
“ദിവസം ഞാൻ ചേച്ചിക്ക് 25000 രൂപ തരും…”
ചേച്ചി ഞെട്ടി.
എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു.
അങ്ങനെ ആ ഷൂട്ടിംഗ് ആരംഭിച്ചു.
ഒന്നിച്ച് എനിക്കു മാത്രമായി ചേച്ചിയെ കിട്ടിയ 10 ദിവസങ്ങൾ.
കൈരളിയുടെ ക്യാമറാമാൻ ഷാജി കമലേശ്വരമായിരുന്നു ചിത്രീകരണം.
അതൊരു ഉത്സവം തന്നെയായിരുന്നു.
10 ദിവസം നീണ്ടു നിന്ന ഉത്സവം.
ഞാനും ചേച്ചിയും പിരിയാനാവാത്തതു പോലെ അടുത്ത ദിനങ്ങൾ.
ഒരാൾക്ക് മറ്റൊരാളെ ഇങ്ങനെ
സ്നേഹിക്കാനാകുമോ…?
എനിക്കു പെരിയാർ റിസോർട്ടിൽ കൈരളി ഫൈവ്സ്റ്റാർ സൗകര്യങ്ങൾ ഒരുക്കിയപ്പൊഴും ചേച്ചി എന്നെ ഷൂട്ടു കഴിഞ്ഞ രാത്രിയിൽ വണ്ടി ഓടിക്കാൻ അനുവദിക്കാതെ വീട്ടിൽ തന്നെ പിടിച്ചു കിടത്തും.
കാലത്ത് എനിക്കൊപ്പം നാലു മണിക്ക് ഉണരും.
ഒരുമിച്ച് അടുക്കളയിൽ കയറും.
കട്ടനിടും… കഥ പറയും.
മലയാള സിനിമയുടെ ചരിത്രം മുഴുവൻ, ആരും ആരോടും പറയാത്ത കഥ മുഴുവൻ… അതെല്ലാം ഞാൻ കേട്ടു…
അനുഭവിച്ചു.
മോഹൻ ലാലിനെ അകമഴിഞ്ഞു സ്നേഹിച്ച പൊന്നമ്മച്ചേച്ചിയെ ജയറാമിനെ ഉളളറിഞ്ഞു വെറുത്ത പൊന്നമ്മ ചേച്ചിയെ ഞാൻ അടുത്തറിഞ്ഞു.
‘അമ്മനക്ഷത്രം’ സൂപ്പർ ഹിറ്റായിരുന്നു.
കവിയൂർ പൊന്നമ്മയുടെ ഏക ജീവചരിത്രാപരമ്പരയായിരുന്നു അത്.
അമ്മ പറഞ്ഞ കഥകളിൽ പാതി പോലും ഞാൻ പുറത്തു വിട്ടിട്ടില്ല.
വിട്ടാൽ അനവധി വിഗ്രഹങ്ങൾ വീണുടയും.
അമ്മയും അത് ആഗ്രഹിക്കുന്നുണ്ടാവില്ല.
അമ്മ മനസ്സു നോവിച്ചിട്ട് ഒരു നേട്ടവും ഞാനും കൊതിക്കുന്നില്ല.
അമ്മ മൂന്നു വർഷം അടുപ്പിച്ചു പറഞ്ഞ എന്റെ ഡയലോഗുകളിൽ അടിക്കടി വന്നു പോകുന്ന ഒരു അമ്പലമുണ്ടായിരുന്നു.
തലേക്കാവിൽ അമ്പലം !
എന്റെ ഗ്രാമ ദേവത !
ഒരിക്കലെങ്കിലും അവിടെ വന്നു തൊഴണമെന്ന് അമ്മ ആഗ്രഹം പറയുമായിരുന്നു.
അതു മാത്രം സാധിച്ചു കൊടുക്കാനെനിക്കായില്ല.
എന്റെ അനാസ്ഥ.
എന്റെ വലിയ അനാസ്ഥ.
അമ്മേ മാപ്പ്.
രണ്ടു പതിറ്റാണ്ടത്തെ അടുത്ത ബന്ധം.
അതിലേറെ ആത്മ ബന്ധം.
പകരം വെയ്ക്കാൻ ഒരാളില്ലെന്ന കനത്ത വ്യഥ.
അമ്മേ വിട പറയാതെ വയ്യ.
പറഞ്ഞ കഥകളും പറയാൻ മറന്ന കഥകളും –
എല്ലാം ഈ മനസ്സിൽ സുഭദ്രം.!
എന്നെ ഇത്രമാത്രം സ്നേഹിച്ച ഒരാൾ കൂടി ഇന്ന് വൈകിട്ട് 4 മണിക്ക് സംസ്കാരം ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ എരിഞ്ഞടങ്ങുന്നല്ലോ എന്നോർക്കുമ്പോൾ ആകെ ഒരു ശുന്യത.
ആകെയൊരൊങ്കലാപ്പ്…