ലെബനൻ അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും- സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ, മരണം 2000 കടന്നു
ബെയ്റൂട്ട്: ഹിസ്ബുള്ള സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങൾ നശിപ്പിക്കാനെന്ന പേരിൽ തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇസ്രയേൽ ലെബനനുനേരെ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലെ വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുങ്ങളും സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം. തെക്കൻ ലെബനനിലെ വലിയൊരു പ്രദേശം പിടിച്ചെടുത്ത് ലിതാനി നദി വരെ ഒരു ‘സുരക്ഷാ മേഖല’ സ്ഥാപിക്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
ഇതിന്റെ ഭാഗമായി ലെബനനിലെ അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർക്കുന്ന രീതിയാണ് ഇസ്രയേൽ സൈന്യം പിന്തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ലെബനനിലെ തായ്ബെ, നഖുറ, ദൈർ സെര്യൻ എന്നീ ഗ്രാമങ്ങളിൽ ഇത്തരത്തിൽ സ്ഫോടനങ്ങൾ നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് പല അതിർത്തി ഗ്രാമങ്ങളിലും ഇതേ രീതിയിൽ സ്ഫോടനങ്ങൾ നടക്കുന്നതായി ലെബനീസ് മാൊൊധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് ഗാസയിലെ റഫയിലും ബെയ്ത് ഹനൂനിലും നടപ്പിലാക്കിയ അതേ മാതൃകയിൽ അതിർത്തി ഗ്രാമങ്ങളിലെ എല്ലാ വീടുകളും നശിപ്പിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതേസമയം യുദ്ധം ആരംഭിച്ചത് മുതൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നതായും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷം സംബന്ധിച്ച് ഇറാനും അമേരിക്കയും പാക്കിസ്ഥാനിൽ നടത്തിയ ഉന്നതതല ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞത് മേഖലയിലെ സ്ഥിതി വഷളാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.





