വിജ്ഞാനങ്ങളെല്ലാം ആർജിച്ചു, പക്ഷേ ഉള്ളിൽ കാരുണ്യമില്ലെങ്കിൽ എന്ത് പ്രയോജനം
വെളിച്ചം
ഒരു ജോലിക്കായി അവള്‍ മുട്ടാത്ത വാതിലുകളില്ല. പല കാരണങ്ങള്‍ കൊണ്ടും അതെല്ലാം ലഭിക്കാതെ പോയി. ദാരിദ്ര്യം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു. അടുത്ത ഗ്രാമത്തിലെ ഫാക്ടറിയില്‍ ഒരു ക്ലാര്‍ക്കിനെ വേണം എന്ന വിവരമറിഞ്ഞ് അവള്‍ അപേക്ഷയുമായി ഇറങ്ങി. അവള്‍ യാത്ര ചെയ്ത ബസ്സിലെ കൂടുതൽ ആളുകളും ആ ഫാക്ടറിയിലേയ്ക്ക് ഈ ജോലിക്കായി അപേക്ഷയുമായി പോകുന്നവരാണ്.
ബസ് ഫാക്ടറിക്ക് മുന്നില്‍ നിര്‍ത്തിയപ്പോള്‍ എല്ലാവരും തിരക്കിട്ട് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീ കാല്‍വഴുതി വീണത്. മറ്റുള്ളവർ അവരെ ശ്രദ്ധിക്കാതെ തിടുക്കത്തിൽ നടന്നു പോയി. പക്ഷേ അവള്‍ അവരെ താങ്ങി എഴുന്നേല്‍പിച്ചു. കയ്യിലുളള വെള്ളം കൊടുത്തു. വസ്ത്രത്തില്‍ പറ്റിയ ചെളിയെല്ലാം തുടച്ചുകളഞ്ഞു. അല്‍പം കഴിഞ്ഞ് അവര്‍ നടന്നു ഫാക്ടറിയിലേക്ക് പോയി.
അപേക്ഷയുമായി മാനേജരുടെ മുന്നിലേക്കെത്തിയപ്പോള്‍ അവള്‍ അമ്പരന്നു. താന്‍ സഹായിച്ച സ്ത്രീ അവിടെയിരിക്കുന്നു.
”അതിഥികളെ സ്വീകരിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനുളള എല്ലാ യോഗ്യതയും നിങ്ങള്‍ക്കുണ്ട്. നാളെ മുതല്‍ നിങ്ങള്‍ക്കിവിടെ ജോലിയില്‍ പ്രവേശിക്കാം.”
സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി അറിവുണ്ടോ എന്നതല്ല, പെരുമാറാനറിയുമോ എന്നതാണ് പ്രധാനം. പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ട്, പക്ഷേ സഹജീവികളോടു കാരുണ്യമില്ലെങ്കിൽ എന്തു കാര്യം?
അവനവന്റെ ചെറുമുറികളിൽ സ്വന്തം പുസ്തകങ്ങളിലേക്കും ജോലിയിലേക്കും മാത്രം കണ്ണും നട്ടിരിക്കുന്നവരെ എങ്ങിനെയാണ് സാമൂഹ്യജിവികളെന്ന് വിളിക്കാനാവുക. ഇത്തരക്കാര്‍ക്ക് തന്റെ മുമ്പില്‍ തളര്‍ന്നിരിക്കുന്നവര്‍ പോലും പ്രതിബന്ധമാണ്. വളര്‍ത്തിയവരേയും ഒപ്പം നിന്നവരേയും പോലും അവര്‍ തള്ളിപ്പറയും.
ഒരാള്‍ക്ക് പോലും ഇന്നോളം താങ്ങായിട്ടില്ലെങ്കില്‍ ബഹുമതികള്‍ക്കൊണ്ടും സാക്ഷ്യപത്രങ്ങള്‍കൊണ്ടും എന്താണ് പ്രയോജനം…?
നാം ആര്‍ക്കെങ്കിലും താങ്ങായാല്‍, മറ്റാരെങ്കിലും നമുക്കും താങ്ങായി തീരും എന്നു തീർച്ച.
നന്മകൾ നിറഞ്ഞ ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ