IndiaNEWS

‘ബാഹുബലി’ നൃത്ത സംവിധായകനെതിരെ പോക്‌സോ കേസ്: ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചു

    ബെംഗ്‌ളൂറു: പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരെ പോക്‌സോ കേസ്. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന  പരാതിയിലാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ തെലുങ്ക് നൃത്ത സംവിധായകനാണ് ജാനി മാസ്റ്റർ.

തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി സിനിമകളില്‍ സജീവമായ ജാനി മാസ്റ്റര്‍ക്കെതിരെ നൃത്തസംവിധായിക കൂടിയായ 21കാരിയാണ് ഹൈദരാബാദിലെ റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പല ലൊകേഷനുകളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മുദ്ര വച്ച കവറില്‍ 2 ദിവസം മുമ്പാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ, അതിനാല്‍ പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പെടുത്തുകയായിരുന്നു

Signature-ad

കുറച്ചു കാലമായി പെൺകുട്ടി ജാനി മാസ്റ്റർക്കൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നര്‍സിംഗിയിലെ തന്റെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചെന്നും പറയുന്നു.

സിനിമാ ഷൂട്ടിങ്ങിനിടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍നിന്ന് തന്നെ തടയുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണില്‍ ഡാന്‍സറായ സതീഷ് എന്നയാളും ജാനി മാസ്റ്റര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, വാര്‍ത്ത സമ്മേളനം വിളിച്ച് ജാനി മാസ്റ്റര്‍ ഇക്കാര്യം നിഷേധിച്ചു.

ദേശീയ പുരസ്‌കാരത്തിന് പുറമെ മൂന്നുതവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ നൃത്ത സംവിധായകനാണ് ജാനി മാസ്റ്റര്‍. സല്‍മാന്‍ ഖാന്റെ ‘ജയ് ഹോക്കും’ ധനുഷിന്റെ ‘മാരി 2’ അടക്കം നിരവധി സിനിമകൾക്ക് നൃത്തമൊരുക്കിയ അദ്ദേഹം തെലുങ്കിലെ പ്രമുഖ താരങ്ങളായ രാം ചരണ്‍, പവന്‍ കല്യാണ്‍, അല്ലു അര്‍ജുന്‍, എന്‍ ടി ആര്‍ ജൂനിയര്‍, രവി തേജ തുടങ്ങിയവര്‍ക്ക് വേണ്ടിയെല്ലാം ചുവടുകളൊരുക്കിയിട്ടുണ്ട്. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റര്‍.

2015ല്‍ ഒരു കോളജില്‍ നടന്ന വഴക്കിന്റെ പേരില്‍ 2019ല്‍ ജാനി മാസ്റ്ററെ ഹൈദരാബാദിലെ പ്രാദേശിക കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: