CrimeNEWS

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടി; തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിയും; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടിയ അഞ്ചംഗ ഹണി ട്രാപ് സംഘം പിടിയിലായി. കൗമാരക്കാര്‍ അടങ്ങിയ ഹണിട്രാപ്പ് സംഘത്തിന്റെ ഭീഷണിയില്‍ കുടുങ്ങിയത് അരീക്കോട് സ്വദേശിയായ ആളാണ്. ഇയാളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ സംഘം പിടിയിലായത്.

കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്. അരീക്കോട് സ്വദേശിയാണ് മര്‍ദനമേറ്റയാള്‍. ഇയാളെ പിടിയിലായ 15 കാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു.

Signature-ad

പരാതിക്കാരന്‍ അരീക്കോട്ടെത്തിയ സമയത്ത് പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതില്‍ 40,000 രൂപ പരാതിക്കാരന്‍ സംഘത്തിന് നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണം പണയംവെക്കാനെത്തിയ സമയത്താണ് വിഷയം അരീക്കോട് പൊലീസറിയുന്നത്.

തുടര്‍ന്ന് കേസെടുത്ത് അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലില്‍ പോയി തിരിച്ചെത്തിയ സംഘത്തെ തന്ത്രപരമായി വലയിലാക്കുകയുമായിരുന്നു. പ്രതികളില്‍ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിലും രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.

അരീക്കോട് സ്റ്റേഷന്‍ പരിധിയില്‍ ഹണി ട്രാപ് കേസുകള്‍ വര്‍ധിച്ചുവരുന്നതായി എസ്.എച്ച്.ഒ വി. വിജിത്ത് പറഞ്ഞു. ഹണി ട്രാപ് നടത്തിയ ഒരു കുടുംബത്തിലെ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സമാന തട്ടിപ്പിന് മറ്റു ചിലരും ഇരയായിട്ടുണ്ട്. എന്നാല്‍, പരാതി നല്‍കാന്‍ പലരും മുന്നോട്ടുവരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: